ഐഎസ്എൽ പത്താമത്തെ സീസണിനു മുന്നോടിയായുള്ള ട്രാൻസ്ഫർ മാർക്കറ്റിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അത്ര തൃപ്തരല്ലായിരുന്നു. മറ്റു ടീമുകൾ പുതിയ താരങ്ങളെ പെട്ടന്ന് ടീമിലെത്തിച്ച് പരിശീലനം ആരംഭിച്ച് ടീമിനെ ഒരുക്കാൻ തുടങ്ങിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് അക്കാര്യത്തിൽ മെല്ലെപ്പോക്ക് സമീപനമാണ് പുലർത്തിയത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകിയ പിഴശിക്ഷ അവരുടെ ട്രാൻസ്ഫർ മാർക്കറ്റിലെ ഇടപെടലുകളെ ബാധിച്ചിരുന്നു.
എങ്കിലും സീസൺ ആരംഭിക്കുന്നതിനു മുൻപ് ടീമിനു ആവശ്യമുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിന്റെ ഭാഗമാക്കി. വൈകിയെത്തിയ താരങ്ങളായതിനാൽ ഇവരുടെ കഴിവിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സീസണിലെ ആദ്യത്തെ മത്സരത്തിൽ മികച്ച പ്രകടനം നടത്തി വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞതോടെ ആ സംശയങ്ങൾ കെട്ടടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഐഎസ്എല്ലിലെ മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റ് പുറത്തു വന്നതോടെ ബ്ലാസ്റ്റേഴ്സിലെത്തിയ താരങ്ങൾ നിസാരക്കാരല്ലെന്ന് വ്യക്തമാവുകയാണ്.
ട്രാൻസ്ഫർ മാർക്കറ്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എല്ലിലെ മൂല്യമേറിയ താരങ്ങളിൽ ആധിപത്യം പുലർത്തുന്നത് മോഹൻ ബാഗാനാണ്. ആദ്യ ആറു സ്ഥാനങ്ങളിൽ നാലു മോഹൻ ബഗാൻ താരങ്ങൾ ഇടം പിടിച്ചപ്പോൾ ബാക്കി രണ്ടു പേരും കേരള ബ്ലാസ്റ്റേഴ്സിൽ നിന്നാണ്. ജേസൺ കുമ്മിൻസും പെട്രാറ്റോസും ഒന്നും രണ്ടു സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ലും നായകനുമായ അഡ്രിയാൻ ലൂണയുണ്ട്.
നാല് അഞ്ചും സ്ഥാനത്ത് മോഹൻ ബഗാന്റെ തന്നെ ബൗമൗസ്, അർമാൻഡോ എന്നീ താരങ്ങൾ നിൽക്കുമ്പോൾ ആറാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സിലേക്ക് ഈ സമ്മറിലെത്തിയ ഘാന ഫോർവേഡ് ക്വമാ പെപ്ര നിൽക്കുന്നു. വെറും ഇരുപത്തിരണ്ടു വയസു മാത്രം പ്രായമുള്ള പെപ്ര ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യമേറിയ യുവതാരം കൂടിയാണ്. ഇതിനു പുറമെ പതിനൊന്നാം സ്ഥാനത്ത് സ്ട്രൈക്കർ ദിമിത്രിയോസും പതിനാറാം സ്ഥാനത്ത് പരിക്കേറ്റു പുറത്തിരിക്കുന്ന പുതിയ സൈനിങ് ജോഷുവയുമുണ്ട്.
മൂല്യമേറിയ താരങ്ങളുടെ പട്ടികയിലെ ആദ്യ ഇരുപതു സ്ഥാനങ്ങളിൽ നാല് മോഹൻ ബഗാൻ താരങ്ങൾ ഇടം പിടിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും നാല് താരങ്ങളുണ്ട്. മറ്റുള്ള ടീമുകളിൽ നിന്നും രണ്ടിൽ കൂടുതൽ കളിക്കാർ ആദ്യ ഇരുപതു സ്ഥാനങ്ങളിലിൽ ഇടം പിടിച്ചിട്ടില്ല. ഇതിൽ നിന്നും മികച്ചൊരു ടീം തന്നെയാണ് ബ്ലാസ്റ്റേഴ്സിനുള്ളതെന്ന് വ്യക്തമാണ്. ഇനി അവരെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ കഴിഞ്ഞാൽ മതി. അതേസമയം ആദ്യ ഇരുപത് പേരിൽ ഒരു ഇന്ത്യൻ താരം പോലും ഇടം പിടിച്ചിട്ടില്ല.
ISL Most Valuable Players 2023-24 As Per Transfermarkt