സമ്മിശ്രമായ രീതിയിലാണ് ഇറ്റാലിയൻ ദേശീയ ടീം മുന്നോട്ടു പോകുന്നത്. കഴിഞ്ഞ യൂറോ കപ്പ് തകർപ്പൻ ഫോമിൽ കളിച്ചു നേടിയ അവർക്ക് പക്ഷെ ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ കഴിഞ്ഞില്ല. അതിന്റെ ക്ഷീണം തീർക്കാനൊരുങ്ങുന്ന ടീം അടുത്ത യൂറോ കപ്പിന്റെ യോഗ്യത മത്സരങ്ങൾക്കായി ഈ മാസം ഇറങ്ങാൻ പോവുകയാണ്. അതിനുള്ള ടീമിനെ പരിശീലകനായ റോബർട്ടോ മാൻസിനി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു.
ടീം പ്രഖ്യാപിച്ചപ്പോൾ അതിലെ ശ്രദ്ധാകേന്ദ്രം അർജന്റീനിയൻ ക്ലബായ ടൈഗ്രക്കു വേണ്ടി കളിക്കുന്ന ഇരുപത്തിമൂന്നുകാരനായ മാറ്റിയോ റെറ്റെഗുയ് ആണ്. അർജന്റീനയിൽ ജനിച്ച താരമായ റെറ്റെഗുയ് അർജന്റീന യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. എന്നാൽ സീനിയർ ടീമിന് വേണ്ടി ഇതുവരെയും ഇറങ്ങാൻ താരത്തിന് കഴിഞ്ഞിട്ടില്ല. അമ്മയുടെ കുടുംബം വഴി റെറ്റെഗുയ്ക്ക് ഇറ്റലിയുടെ പൗരത്വമുള്ള താരത്തെ ഇറ്റലി പെട്ടന്ന് തന്നെ ടീമിലേക്ക് വിളിക്കുകയായിരുന്നു.
🇮🇹 Mateo Retegui 🇮🇹
— F⚽️⚽️TBALL ShIrTALIA (@FutbolShIrTALIA) March 18, 2023
A surprise inclusion to many, in the Italy squad to face England and Malta is Mateo Retegui.
Let’s take a quick look at the 23 year old Argentinian born forward who has never played in Serie A!!! pic.twitter.com/ZzRSmFt9m2
അർജന്റീനയിൽ ജനിച്ച്, അർജന്റീന യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ച, ഇപ്പോഴും അർജന്റീനിയൻ ക്ലബിന്റെ താരമായ റെറ്റെഗുയിയെ ഇറ്റലി ടീമിൽ ഉൾപ്പെടുത്തിയത് അർജന്റീന ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. നിലവിൽ അർജന്റീന ലീഗിൽ ഏഴു മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ നേടി ടോപ് സ്കോറർ സ്ഥാനത്തു നിൽക്കുന്ന താരമാണ് റെറ്റെഗുയ്. ബൊക്കെ ജൂനിയേഴ്സിൽ നിന്നും ലോണിലാണ് താരം ടൈഗ്രയിൽ കളിക്കുന്നത്.
നിരവധി യുവതാരങ്ങൾക്ക് അവസരം നൽകി സൗഹൃദമത്സരങ്ങൾക്കുള്ള സ്ക്വാഡ് ലയണൽ സ്കലോണി പ്രഖ്യാപിച്ചപ്പോൾ റെറ്റെഗുയ് ഉണ്ടായിരുന്നില്ല. ഈ അവസരം മുതലെടുത്ത് താരത്തെ മാൻസിനി തങ്ങളുടെ തട്ടകത്തിലെത്തിച്ചു. റെറ്റെഗുയ് ഇറ്റലിക്കായി അരങ്ങേറ്റം നടത്തിയാൽ അർജന്റീനക്ക് പിന്നീട് താരത്തെ ഉപയോഗിക്കാൻ പ്രയാസമാകും. മികച്ച സ്ട്രൈക്കർമാരില്ലാത്ത ഇറ്റലി താരത്തെ നല്ല രീതിയിൽ ഉപയോഗിക്കാൻ തന്നെയാണ് സാധ്യത.