ഐഎസ്എൽ ഉദ്ഘാടനമത്സരം കൊച്ചിയിലെത്തിയ കാണികൾക്കൊരു വിരുന്നായിരുന്നു. കഴിഞ്ഞ സീസണിൽ ഫൈനലിൽ കിരീടം കൈവിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലും പ്രതീക്ഷ നൽകി ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് തകർത്തത്. കേരള ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലർത്തിയ മത്സരത്തിൽ അഡ്രിയാൻ ലൂണയാണ് ടീമിനായി ആദ്യത്തെ ഗോൾ നേടിയതെങ്കിലും മത്സരത്തിൽ താരമായത് പകരക്കാരനായിറങ്ങി രണ്ടു ഗോളുകൾ നേടിയ യുക്രൈൻ താരം ഇവാൻ കലിയുഷ്‌നിയായിരുന്നു.
മത്സരത്തിലെ നാല് ഗോളുകളും പിറന്നത് എഴുപതു മിനുട്ടുകൾക്കു ശേഷമായിരുന്നു. ഖബ്‌റ സ്വന്തം ഹാഫിൽ നിന്നും ഉയർത്തി നൽകിയ പന്ത് നിലത്തു കുത്തും മുൻപ് ക്ലോസ് റേഞ്ചിൽ നിന്നും ഗോൾകീപ്പറുടെ തലക്കു മുകളിലൂടെ ലൂണ വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. എഴുപത്തിരണ്ടാം മിനുട്ടിൽ പിറന്ന അതിമനോഹരമായ ഗോളിനു പിന്നാലെയാണ് എൺപതാം മിനുട്ടിൽ കലിയുഷ്‌നി കളത്തിലേക്ക് വരുന്നത്. തന്റെ ആദ്യ ടച്ച് തന്നെ അതിമനോഹരമായ ഒരു സോളോ നീക്കത്തിലൂടെ ഗോളാക്കി മാറ്റി താരം കൊച്ചിയിലെ കാണികളെ കയ്യിലെടുത്തു.
ബിദ്യാസാഗർ സിങിൽ നിന്നും പന്ത് സ്വീകരിച്ചതിനു ശേഷം അതുമായി കുതിച്ച യുക്രൈൻ താരം മൂന്നോളം ഈസ്റ്റ് ബംഗാൾ കളിക്കാരെ വെട്ടിയൊഴിഞ്ഞതിനു ശേഷം ബോക്‌സിനു പുറത്തു നിന്നുള്ള ഷോട്ടിലൂടെയാണ് തന്റെ ആദ്യത്തെ ഗോൾ നേടുന്നത്. അതിനു പിന്നാലെ തന്നെ അലക്‌സ് ഈസ്റ്റ് ബംഗാളിനു വേണ്ടി സമനിലഗോൾ നേടിയതോടെ മത്സരം ഏതു ദിശയിലേക്കും മാറുമെന്ന ആശങ്ക വന്നെങ്കിലും തൊട്ടടുത്ത മിനുട്ടിൽ തന്നെ കലിയുഷ്‌നി കൊച്ചിയിലെ കാണികൾക്കു മുൻപിൽ അവതരിക്കുകയായിരുന്നു.
From 😕 to 😯@SuyashU was all of us as @KeralaBlasters turned on the heat in the second-half! 🔥#KBFCEBFC #HeroISL #LetsFootball #KeralaBlasters #EastBengalFC pic.twitter.com/7MscrZfV1p
— Indian Super League (@IndSuperLeague) October 7, 2022
എണ്പത്തിയൊമ്പതാം മിനുട്ടിൽ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച ഒരു കോർണറിനു പിന്നാലെയാണ് യുക്രൈൻ താരത്തിന്റെ രണ്ടാമത്തെ ഗോൾ വരുന്നത്. ഈസ്റ്റ് ബംഗാൾ താരങ്ങൾ കോർണർ ക്ലിയർ ചെയ്‌തപ്പോൾ അതെത്തിയത് ബോക്‌സിനു വെളിയിൽ നിൽക്കുകയായിരുന്ന കലിയുഷ്‌നിയുടെ കാലുകളിൽ. തകർപ്പനൊരു ഇടംകാൽ ഷോട്ടിൽ ഒരു ബുള്ളറ്റ് പോലെയാണ് ആ പന്ത് വലയിലേക്ക് പോയത്. വല ഇളകിയപ്പോഴാവും കൊച്ചിയിലെ കാണികൾ അത് ഗോളാണെന്നു മനസിലാക്കിയിട്ടുണ്ടാവുകയെന്ന തീർച്ചയാണ്.
യുക്രൈൻ ക്ലബായ ഡൈനാമോ കീവിന്റെ അക്കാദമിയിലൂടെ ഉയർന്നു വന്ന താരം അവർക്കു വേണ്ടി ഏതാനും മത്സരങ്ങൾ കളിച്ചിട്ടുണ്ട്. തുടർന്ന് മെറ്റലിസ്റ്റ് 1925, റുഖ് ലീവ്, ഓലക്‌സാൻഡ്രിയ എന്നിവക്കു വേണ്ടിയും ബൂട്ടു കെട്ടി. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈൻ ലീഗ് നിർത്തിവെച്ചതിനെ തുടർന്ന് ഐസ്‌ലാൻഡ് ക്ലബായ കെഫ്‌ളാവിക്കിലെത്തിയ താരം അവിടെ കളിച്ചതിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. യുക്രൈൻ അണ്ടർ 17, അണ്ടർ 19 ടീമുകൾക്കു വേണ്ടിയും കലിയുഷ്‌നി കളിച്ചിട്ടുണ്ട്.
🚀🚀🚀 #KBFCEBFC #HeroISL #LetsFootball #KeralaBlasters #EastBengalFC pic.twitter.com/cSGpoJenCl
— Indian Super League (@IndSuperLeague) October 7, 2022
ഐഎസ്എല്ലിലെ അരങ്ങേറ്റത്തിൽ പത്ത് മിനുട്ട് കളിക്കളത്തിൽ ഇറങ്ങിയപ്പോൾ തന്നെ രണ്ടു ഗോളുകൾ നേടിയ ഇരുപത്തിനാലു വയസുള്ള താരം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നുണ്ട്. സെൻട്രൽ മിഡ്‌ഫീൽഡിൽ സഹലിനൊപ്പം ചേർന്ന് ബ്ലാസ്‌റ്റേഴ്‌സിനെ നീക്കങ്ങളെ മുന്നോട്ടു കൊണ്ടുപോകാനും ഏതു പ്രതിരോധത്തെയും ഭേദിക്കുന്ന ഇടിമിന്നൽ ഗോളുകൾ നേടാനും കഴിയുന്ന താരത്തിന്റെ അടുത്ത മത്സരം കാണാനാകും ആരാധകർ കാത്തിരിക്കുന്നത്.