എഫ്‌സി ഗോവ പരിശീലകൻ പറഞ്ഞത് അക്ഷരം പ്രതി സംഭവിച്ചു, ഇവാനാശാന്റെ കഴിവ് അംഗീകരിക്കുന്ന എതിരാളികൾ | Ivan Vukomanovic

സമീപകാലത്തായി മോശം ഫോമിലേക്ക് വീണ രണ്ടു ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആയിരുന്നു ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും തമ്മിലുള്ള മത്സരം. മത്സരം ഇരുപത് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ഗോവ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതോടെ എല്ലാം തീരുമാനമായെന്നാണ് കരുതിയതെങ്കിലും അതിനു ശേഷം രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് കാണാൻ കഴിഞ്ഞത്.

അഞ്ചു മത്സരങ്ങളിൽ തുടർച്ചയായ തോൽവി വഴങ്ങിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മികച്ചൊരു വിജയം സ്വന്തമാക്കിയത്. ഇത്രയും മത്സരങ്ങളിൽ തോൽവി വഴങ്ങിയതിനാൽ തന്നെ പരിശീലകൻ ഇവാൻ വുകോമനോവിച്ചിലുള്ള വിശ്വാസം പല ആരാധകർക്കും നഷ്‌ടപ്പെട്ടു തുടങ്ങിയിരുന്നു. എന്നാൽ ഇവാനെക്കുറിച്ച് വളരെ ആത്മവിശ്വാസത്തോടെയാണ് ഗോവ പരിശീലകൻ മത്സരത്തിന് മുൻപ് സമ്മാനിച്ചത്.

ഇവാൻ വുകോമനോവിച്ച് ശക്തമായ ഒരു വ്യക്തിത്വമുള്ള ആളാണെന്നും അതുകൊണ്ടു തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ തിരിച്ചു കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയുമെന്നുമാണ് മനോലോ മാർക്വസ് പറഞ്ഞത്. ശക്തമായ ആരാധകപിന്തുണ ടീമിനെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞത് അക്ഷരംപ്രതി ശരിയാകുന്ന കാഴ്‌ചയാണ്‌ ഇന്നലെ കണ്ടത്.

അതേസമയം രണ്ടു കാര്യങ്ങളാണ് മത്സരം കൈവിടാൻ കാരണമായതെന്നാണ് മനോലോ മാർക്വസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ടീമിന്റെ പ്രധാന താരമായ ബോർജ ഹെരേര പരിക്കേറ്റു പുറത്തു പോയതും ഒരു മഞ്ഞക്കാർഡ് ലഭിച്ച നിം ഡോർജിയെ പിൻവലിച്ചതുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതോടെ എഫ്‌സി ഗോവയുടെ പ്രതിരോധം അഴിഞ്ഞുവീണുവെന്ന് മാർക്വസ് പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഐഎസ്എൽ മത്സരങ്ങളിൽ തോൽവി വഴങ്ങിയതിനു ശേഷം ഒരു വിജയം നേടിയപ്പോൾ എഫ്‌സി ഗോവ തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് തോൽവിയേറ്റു വാങ്ങിയിരിക്കുന്നത്. എന്തായാലും ബ്ലാസ്റ്റേഴ്‌സ് പരിശീലകനിൽ അദ്ദേഹത്തിനുള്ള ആത്മവിശ്വാസം ശ്രദ്ധേയമാണ്. ഇവാൻ വുകോമനോവിച്ചിന് പലതും കഴിയുമെന്ന് അദ്ദേഹം പറഞ്ഞത് യാഥാർഥ്യമാകുന്നതാണ് ഇന്നലെ കണ്ടത്.

Ivan Vukomanovic Changed Kerala Blasters Form

FC GoaIvan VukomanovicKerala BlastersManolo Marquez
Comments (0)
Add Comment