തുടർച്ചയായ മൂന്നാമത്തെ വർഷവും ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫിലേക്ക് മുന്നേറിയ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനായി ഒരുങ്ങുകയാണ്. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിന് എതിരാളികൾ നാലാം സ്ഥാനക്കാരായ ഒഡിഷ എഫ്സിയാണ്. ടേബിളിൽ ബ്ലാസ്റ്റേഴ്സിനേക്കാൾ മുന്നിലായതിനാൽ ഒഡിഷ എഫ്സിയുടെ മൈതാനത്ത് വെച്ചാണ് പ്ലേ ഓഫ് മത്സരം നടക്കുക.
ഒഡിഷ എഫ്സിയുടെ മൈതാനത്ത് ഇതുവരെ വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്കയാണ്. അതിനു പുറമെ പരിക്കിന്റെ തിരിച്ചടികളും ടീമിനെ വിടാതെ പിന്തുടരുന്നു. എന്നാൽ ഈ തിരിച്ചടികളുടെ ഇടയിലും മത്സരം വിജയിക്കാമെന്നും കൊച്ചിയിലെ കാണികൾക്കു മുന്നിൽ സെമി ഫൈനൽ കളിക്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷ ഇവാൻ പങ്കു വെക്കുകയുണ്ടായി.
Ivan Vukomanović 🗣️ “It would be awesome if we could reach the semi-final and play in front of our fans. It's been a tough season. We've lost many key players due to injuries and suspensions. We've had a good run and it's a pity. We'll do our best.” @_inkandball_ #KBFC
— KBFC XTRA (@kbfcxtra) April 12, 2024
“സെമി ഫൈനലിലേക്ക് മുന്നേറാനും ആ മത്സരം കൊച്ചിയിലെ ആരാധകരുടെ മുന്നിൽ വെച്ച് കളിക്കാനും കഴിഞ്ഞാൽ അതൊരു ആവേശകരമായ അനുഭവമായിരിക്കും. ഇതൊരു ബുദ്ധിമുട്ടേറിയ സീസണായിരുന്നു. പരിക്കും സസ്പെൻഷനും കാരണം നിരവധി താരങ്ങളെ ഞങ്ങൾക്ക് നഷ്ടമായി. മികച്ച കുതിപ്പിനിടയിലാണ് അത് സംഭവിച്ചത്. ഞങ്ങൾ ഏറ്റവും മികച്ചത് ചെയ്യും.” ഇവാൻ പറഞ്ഞു.
നിരവധി താരങ്ങളെ സീസണിന്റെ പല ഘട്ടങ്ങളിലായി നഷ്ടമായ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലും തിരിച്ചടിയുണ്ട്. ടീമിന്റെ പ്രധാന സ്ട്രൈക്കറായ ദിമിത്രിയോസ് നിലവിൽ പരിക്കിന്റെ പിടിയിലാണെന്നും പ്ലേ ഓഫ് കളിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഇവാൻ പറഞ്ഞിരുന്നു. താരം പ്ലേ ഓഫ് ആകുമ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള സാധ്യത കുറവാണെന്നാണ് ഇവാൻ പറഞ്ഞത്.
മറ്റൊരു തിരിച്ചടി ടീമിന്റെ പ്രധാന ലെഫ്റ്റ് ബാക്കായ നവോച്ച സിങ്ങിന് ലഭിച്ച സസ്പെൻഷൻ ആണ്. ഐബാൻ സ്ക്വാഡിലുണ്ടെങ്കിലും മാസങ്ങളായി പുറത്തിരിക്കുന്ന താരത്തെ കളിപ്പിക്കാൻ കഴിയാത്തതിനാൽ ആ പൊസിഷനിൽ ആരെന്ന ചോദ്യം ഉയരുന്നുണ്ട്. ഈ പ്രതിസന്ധികളെ മറികടന്ന് ബ്ലാസ്റ്റേഴ്സ് സെമിയിലെത്തി കൊച്ചിയിൽ മത്സരം നടന്നാൽ ആരാധകർ അവിശ്വസനീയമായ പിന്തുണയാകും ടീമിന് നൽകുക.
Ivan Vukomanovic Hopes To Reach Semi Final