ബെംഗളൂരുവിന്റെ മൈതാനം മഞ്ഞക്കടലാവാതിരിക്കാൻ എതിരാളികൾ ശ്രമിക്കുമെന്നുറപ്പാണ്, മുന്നറിയിപ്പുമായി ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുകയാണ്. തുടർച്ചയായ മൂന്നു തോൽവികൾക്ക് ശേഷം ഗോവക്കെതിരെ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ബെംഗളൂരു എഫ്‌സിയാണ് എതിരാളികൾ. ബെംഗളൂരുവിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ വിജയം നേടിയാലെ ബ്ലാസ്റ്റേഴ്‌സിന് കിരീടപ്രതീക്ഷകൾ നിലനിർത്താൻ കഴിയുകയുള്ളൂ.

മത്സരത്തിന് മുൻപ് തന്നെ രണ്ടു ടീമുകളും തമ്മിൽ സോഷ്യൽ മീഡിയയിൽ പോര് തുടങ്ങിയിരുന്നു. കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രി നേടിയ വിവാദഗോളിന്റെ വീഡിയോ ഇട്ട് ബ്ലാസ്‌റ്റേഴ്‌സിനെ ബംഗളൂരു ട്രോളിയിരുന്നു. അതിനു മറുപടിയുമായി മറ്റൊരു വീഡിയോ കേരള ബ്ലാസ്റ്റേഴ്‌സും പുറത്തിറക്കി. ഇങ്ങിനെ രണ്ടു ടീമുകളും സോഷ്യൽ മീഡിയയിൽ ആവേശത്തിനു തിരി കൊളുത്തുന്നുണ്ട്.

ബെംഗളൂരുവിൽ വെച്ച് നടക്കുന്ന മത്സരമായതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനും വലിയ പിന്തുണ ലഭിക്കാനുള്ള സാധ്യതയുണ്ട്. മഞ്ഞപ്പട ബാംഗ്ലൂർ വിങ്ങുമായി ചേർന്ന് പ്രവർത്തിച്ച് മത്സരത്തിനു വലിയ പിന്തുണ ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും അതിനെ അട്ടിമറിക്കാനുള്ള പണികൾ ബെംഗളൂരുവിൻറെ ഭാഗത്തു നിന്നും ഉണ്ടായേക്കുമെന്നാണ് ഇവാൻ വുകോമനോവിച്ച് പറയുന്നത്.

“ആരാധകർ വലിയ രീതിയിലുള്ള പിന്തുണയുമായി വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതുപോലെയുള്ള പല അവസരങ്ങളിലും ഹോം ടീം ടിക്കറ്റ് നിരക്ക് ഒരുപാട് ഉയർത്തി എതിർടീമിന്റെ ആരാധകർ വരുന്നത് തടയാൻ ശ്രമിക്കാറുണ്ട്, അത് ശരിയല്ല. ഫുട്ബോൾ ആരാധകർക്ക് വേണ്ടിയുള്ളതാണ്, അതുകൊണ്ടു തന്നെ സ്റ്റേഡിയത്തിൽ മുഴുവൻ ക്രൗഡും ഉണ്ടാകണം.” ഇവാൻ ഇന്ന് പറഞ്ഞു.

ബെംഗളൂരു എഫ്‌സി നാളത്തെ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകൾ ഇത്തരത്തിൽ ഉയർത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും വലിയ രീതിയിലുള്ള പിന്തുണ ടീമിന് ആരാധകരിൽ നിന്നും ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇനിയുള്ള എല്ലാ മത്സരങ്ങളും ജീവന്മരണ പോരാട്ടങ്ങൾ ആയതിനാൽ തന്നെ ആരാധകരുടെ പിന്തുണ വളരെ പ്രധാനമാണ്.

Ivan Vukomanovic On Support In Banglore

Bengaluru FCIvan VukomanovicKerala BlastersKerala Blasters Fans
Comments (0)
Add Comment