ഇവാൻ സൃഷ്‌ടിച്ച മാറ്റം ചിന്തിക്കാൻ പോലുമാകാത്തത്, ഈ തീരുമാനത്തിൽ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം പശ്ചാത്തപിക്കും | Ivan Vukomanovic

ഇവാൻ വുകോമനോവിച്ച് അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്ന വാർത്ത പുറത്തു വന്നപ്പോൾ ആരാധകരിൽ പലരും ഞെട്ടിയെന്നതിൽ സംശയമില്ല. ഭൂരിഭാഗം ആരാധകർക്കും വിശ്വസിക്കാൻ കഴിയാത്ത തീരുമാനമായിരുന്നു അത്. അതേസമയം മൂന്നു വർഷമായി ടീമിനൊപ്പം ഉണ്ടായിട്ടും ഒരു കിരീടം പോലും സ്വന്തമാക്കി നൽകാൻ കഴിയാതിരുന്ന അദ്ദേഹത്തെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണെന്നും ചിലർ അഭിപ്രായപ്പെടുകയുണ്ടായി.

എന്നാൽ ഈ മൂന്നു സീസണുകളിൽ ഇവാൻ വുകോമനോവിച്ച് ഉണ്ടാക്കിയ മാറ്റം ടീമിന്റെ പ്രകടനത്തിന്റെ കണക്കുകൾ എടുത്തു നോക്കിയാൽ വ്യക്തമാണ്. അതിനു മുൻപ് ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും ഇവാൻ പരിശീലകനായി എത്തിയതിനു ശേഷമാണ് ടീമിന് സ്ഥിരതയുണ്ടായത്. തുടർച്ചയായ മൂന്നു സീസണുകളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫ് കളിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

അതിനു പുറമെ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിൽ ആകെ സ്വന്തമാക്കാൻ കഴിയുന്ന പോയിന്റിന്റെ പകുതിയലധികം നേടിയത് ക്ലബ് സ്ഥാപിതമായതിനു ശേഷമുള്ള പത്ത് വർഷത്തിനിടയിൽ നാല് സീസണുകളിൽ മാത്രമാണ്. അതിൽ മൂന്നെണ്ണവും ഇവാൻ വുകോമനോവിച്ചിന് കീഴിലായിരുന്നു എന്നതാണ് അദ്ദേഹത്തെ ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകനാക്കി മാറ്റുന്നത്.

മൂന്നു വർഷത്തിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഒരു കിരീടം പോലും സ്വന്തമാക്കി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതു ശരി തന്നെയാണ്. എന്നാൽ പ്ലേ ഓഫ് യോഗ്യതക്കും മുപ്പത് ശതമാനം പോയിന്റുകൾക്കും വേണ്ടി ബുദ്ധിമുട്ടിയിരുന്ന ഒരു ക്ലബ്ബിനെ സ്ഥിരമായി പ്ലേ ഓഫിലെത്തിച്ചും അൻപത് ശതമാനത്തിലധികം പോയിന്റ് നേടിയും നിലവാരം ഉയർത്തിയത് ഇവാൻ വുകോമനോവിച്ച് തന്നെയാണ്.

കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസിലാക്കാൻ കഴിയില്ലെന്നതു പോലെയാണ് ഇവാൻ വുകോമനോവിച്ചിന്റെ കാര്യം. അദ്ദേഹം ടീമിലുള്ള സമയത്ത് കിരീടങ്ങളുടെ പേരിൽ മാത്രം പലരും ഇവാനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നു. എന്നാൽ അതിനുമപ്പുറമാണ് അദ്ദേഹം ടീമിന് നൽകിയ കാര്യങ്ങൾ. അതുകൊണ്ടു തന്നെ ഈ തീരുമാനത്തിൽ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം പശ്ചാത്തപിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

Ivan Vukomanovic Raise The Level Of Kerala Blasters

Ivan VukomanovicKBFCKerala Blasters
Comments (0)
Add Comment