കഴിഞ്ഞ ദിവസം ഇവാൻ വുകോമനോവിച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിനെ ചൊല്ലിയുള്ള ചർച്ചകൾ വളരെയധികം ചൂടു പിടിക്കുകയാണ്. ഒരു ലീഡർ കളിക്കളത്തിൽ എങ്ങനെയായിരിക്കണം എന്നതുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റ് കേരള ബ്ലാസ്റ്റേഴ്സിലെ താരത്തെ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തമാണ്. അതിനു കീഴിൽ ആരാധകർ വലിയ രീതിയിൽ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുമുണ്ട്.
സഹതാരങ്ങൾ പിഴവുകൾ വരുത്തുമ്പോൾ അതിൽ രോഷം കൊള്ളാതെ അവരുടെ പ്രശ്നങ്ങൾ മനസിലാക്കി വേണ്ട നിർദ്ദേശങ്ങൾ നൽകുകയാണ് ഒരു യഥാർത്ഥ ലീഡർ ചെയ്യേണ്ടതെന്നാണ് ഇവാന്റെ പോസ്റ്റിൽ പറയുന്നത്. ഇതിനു കീഴിൽ വരുന്ന ആരാധകരുടെ കമന്റുകളിൽ ഭൂരിഭാഗവും ഇവാൻ വുകോമനോവിച്ച് ഉദ്ദേശിച്ചത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര താരം ദിമിത്രിയോസിനെയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
ഇതിനു മുൻപ് നടന്ന മത്സരങ്ങളിൽ ദിമിത്രിയോസ് യുവതാരങ്ങളെ കൈകാര്യം ചെയ്ത രീതിയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. താരങ്ങൾ പിഴവുകൾ വരുത്തുമ്പോഴേക്കും ദിമിത്രിയോസ് രോഷം കൊള്ളുന്നത് പതിവാണെന്നും ഇതവരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ആരാധകർ പറയുന്നു. പോസ്റ്റിനു കീഴിൽ പലരും ദിമിത്രിയോസിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
ദിമിയെ ഉദ്ദേശിച്ചാണ് ആ പോസ്റ്റ് ഇവാൻ ഇട്ടതെങ്കിലും അതൊരിക്കലും ശരിയായ രീതിയല്ല. ടീമിനുള്ളിലെ പ്രശ്നങ്ങളും അതിനുള്ള തന്റെ നിർദ്ദേശങ്ങളും ഡ്രസിങ് റൂമിൽ തന്നെ അവസാനിപ്പിക്കേണ്ടത് ഒരു പരിശീലകന്റെ ചുമതലയാണ്. അതിനു പകരം ഒരു പൊതു ഇടത്തിൽ അതിനെ സൂചിപ്പിക്കുന്ന പോസ്റ്റ് ഇട്ട് ആരാധകർക്ക് ഊഹങ്ങൾ പ്രചരിപ്പിക്കാൻ അവസരം നൽകുന്നത് മോശം പ്രവണതയാണ്.
നിലവിൽ ബ്ലാസ്റ്റേഴ്സ് ടീമിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരമാണ് ദിമിത്രിയോസ്. കഴിഞ്ഞ കുറെ മത്സരങ്ങളിൽ താരം തുടർച്ചയായി ഗോളുകൾ നേടുന്നുണ്ട്. ഇവാന്റെ പോസ്റ്റ് ദിമിയെ ഉദ്ദേശിച്ചാണെങ്കിൽ താരത്തിനത് മനസിലാകുമെന്നത് തീർച്ചയാണ്. അത് ദിമിയുടെ പ്രകടനത്തെ ബാധിക്കുകയും ഡ്രസിങ് റൂമിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യും.
ബ്ലാസ്റ്റേഴ്സിലെ ഒരു താരത്തെ ലക്ഷ്യം വെക്കുന്നതായി ഏവർക്കും തോന്നുന്ന ഒരു പോസ്റ്റ് ഇവാൻ ഷെയർ ചെയ്തത് ഒരിക്കലും നല്ലൊരു രീതിയല്ല. പ്രതിസന്ധികളുടെ ഇടയിൽ ആരാധകരുടെ പ്രതീക്ഷ കാത്തു സൂക്ഷിക്കാൻ മികച്ച പ്രകടനം നടത്താൻ ശ്രമിക്കുന്ന ക്ലബാണ് ബ്ലാസ്റ്റേഴ്സ്. അതിൽ അനാവശ്യമായ ഒരു ചർച്ചകൾക്കും വഴിമരുന്നിടേണ്ട ആവശ്യം ഇവാനുണ്ടായിരുന്നില്ല.
Ivan Vukomanovic Recent Post May Upset Kerala Blasters Dressing Room