ഈ അഴിച്ചുപണിക്ക് പിന്നിലൊരു കാരണമുണ്ട്, ടീമിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിൽ ഇറങ്ങുകയാണ്. സ്വന്തം മൈതാനത്ത് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാൻ പോകുന്ന അവസാനത്തെ മത്സരത്തിൽ എതിരാളികൾ കൊൽക്കത്തയിലെ പ്രമുഖ ടീമായ ഈസ്റ്റ് ബംഗാളാണ്. രണ്ടു ടീമുകൾക്കും പ്ലേ ഓഫ് ഉറപ്പിക്കാൻ മത്സരം നിർണായകമാണെന്നതിനാൽ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

ജംഷഡ്‌പൂരിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ചെറിയ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ആ മത്സരത്തിന് ശേഷം വരുന്ന മത്സരത്തിൽ ടീമിൽ റൊട്ടേഷൻ ഉണ്ടാകുമെന്ന് ഇവാൻ പറഞ്ഞിരുന്നു. അഞ്ചോ ആറോ മാറ്റങ്ങൾ ടീമിൽ ഉണ്ടാകുമെന്നാണ് ഇവാനാശാൻ വ്യക്തമാക്കിയത്. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ അത്രയും വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കി.

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ അടുത്ത മത്സരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ്. വെറും മൂന്നു ദിവസത്തിന്റെ വ്യത്യാസത്തിലാണ് ഈ രണ്ടു മത്സരങ്ങളും എന്നതിനാൽ ഈസ്റ്റ് ബംഗാളിനെ നേരിട്ട ഉടനെ ടീം ഗുവാഹത്തിയിലേക്ക് തിരിക്കേണ്ടതുണ്ട്. ഇതാണ് നിരവധി താരങ്ങൾക്ക് വിശ്രമം അനുവദിക്കാനുള്ള പ്രധാന കാരണം.

“നാളത്തെ മത്സരത്തിൽ അഞ്ചോ ആറോ താരങ്ങളെ ഞങ്ങൾ റൊട്ടേറ്റ് ചെയ്യും. കാരണം ആ മത്സരം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം ഞങ്ങൾക്ക് ഗുവാഹതിയിലേക്ക് തിരിക്കേണ്ടതുണ്ട്. നാളത്തെ മത്സരം കളിക്കുന്ന താരങ്ങളിൽ ചിലർ ഗുവാഹതിയിലേക്ക് വരില്ല. കാരണം, അവർക്ക് അവസാന മത്സരത്തിന് മുൻപ് റീചാർജ് ചെയ്യേണ്ടതുണ്ട്.” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ മിലോസ് ഡ്രിൻസിച്ച്, ഡാനിഷ് ഫാറൂഖ് എന്നീ താരങ്ങൾ സസ്‌പെൻഷൻ കാരണം കളിക്കില്ല. ബാക്കി ഏതൊക്കെ താരങ്ങൾക്കാണ് ഇവാനാശാൻ വിശ്രമം നൽകുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും ഈ സീസണിൽ കൊച്ചിയിൽ നടക്കുന്ന അവസാനമത്സരം ആയതിനാൽ തന്നെ വിജയം നേടാൻ തന്നെയാകും ബ്ലാസ്റ്റേഴ്‌സിന്റെ ലക്‌ഷ്യം.

Ivan Vukomanovic Reveals Reason For Team Rotation

ISLIvan VukomanovicKBFCKerala Blasters
Comments (0)
Add Comment