ഇന്ത്യൻ ഫുട്ബോളിലെ പ്രധാനപ്പെട്ട ടൂർണമെന്റുകളിൽ ഒന്നായ സൂപ്പർ കപ്പ് നടത്തുന്ന രീതിയെ വിമർശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്. അതിനു പുറമെ ഏഷ്യൻ കപ്പ് മത്സരങ്ങൾ ഐഎസ്എൽ സീസണിന്റെ ഇടയിൽ നടന്നത് ഐഎസ്എൽ മത്സരങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും അതിന്റെ തീവ്രത കുറഞ്ഞുവെന്നും ഇവാൻ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ഐഎസ്എൽ സീസണിനു ശേഷം നടത്തിയ സൂപ്പർ കപ്പ് ടൂർണമെന്റ് ഇത്തവണ സീസണിനിടയിൽ വെച്ചാണ് നടത്തിയതെന്ന് ഇവാൻ പറയുന്നു. ടൂർണമെന്റ് ഒരു മാസം ഒരു സ്ഥലത്ത് വെച്ച് നടത്തുന്നതിന് പകരം ഐഎസ്എൽ മത്സരങ്ങളുടെ ഇടയിൽ സൂപ്പർ കപ്പിലെ മത്സരങ്ങൾ ഇടവിട്ട് നടത്തണമെന്നാണ് ഇവാൻ വുകോമനോവിച്ച് പറയുന്നത്.
"Got to get back to the game with fighting spirit and great mentality" – Coach @ivanvuko19 before the game against FC Goa
Also :
– Rahul KP speaks on his form
– Coach on why he termed, Super Cup – 'Idiotic'
– On injuries and a lot more 👇https://t.co/pYlguqMQCi— 90ndstoppage (@90ndstoppage) February 24, 2024
സൂപ്പർ കപ്പിൽ ടീമുകൾക്ക് കൃത്യമായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നും ഇവാൻ പറയുന്നു. കഴിഞ്ഞ സീസണിൽ കോഴിക്കോട് വെച്ച് നടന്ന ടൂർണമെന്റിൽ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്‌തത കാരണം എട്ടു മണിക്കൂർ വീതം അങ്ങോട്ടുമിങ്ങോട്ടും ടീമിന് യാത്ര ചെയ്യേണ്ടി വന്നുവെന്നും അതിനു പുറമെ ഐഎസ്എൽ സീസൺ കഴിഞ്ഞപ്പോൾ പല താരങ്ങളും ക്ലബ് വിട്ടു നാട്ടിലേക്ക് മടങ്ങിയതും ഇവാൻ ചൂണ്ടിക്കാട്ടുന്നു.
ഈ സീസണിൽ സൂപ്പർകപ്പിനായി യാത്ര ചെയ്യാനിറങ്ങുന്ന സമയത്താണ് ട്രെയിനിങ് സൗകര്യങ്ങളുള്ള ഒരു താമസസൗകര്യം ഒരുക്കാൻ കഴിഞ്ഞില്ലെന്ന് അറിയിച്ച് ഫോൺ വന്നതെന്നും പതിനെട്ടു ദിവസം അവിടെ താമസിക്കേണ്ട ടീം ഈ സാഹചര്യത്തിൽ എങ്ങിനെ മികച്ച പ്രകടനം നടത്തുമെന്നും ഇവാൻ ചോദിക്കുന്നു. അതിനു പരിഹാരമെന്ന നിലയിൽ ആറു വിദേശതാരങ്ങളെ കളിപ്പിക്കാമെന്ന് ഫെഡറേഷൻ പറഞ്ഞെങ്കിലും പല ടീമുകളിലും ആറു വിദേശതാരങ്ങൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൂപ്പർകപ്പ് കഴിഞ്ഞതിനു ശേഷം ടീമിലുണ്ടായ മാറ്റവും ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലേക്ക് വീണതും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഫോർമാറ്റിന് പകരം യുവേഫ ചാമ്പ്യൻസ് ലീഗ് പോലെ ഐഎസ്എൽ മത്സരങ്ങളുടെ ഇടയിൽ ഇടവിട്ട് മത്സരങ്ങൾ നടത്തണമെന്നും ആര് വിദേശതാരങ്ങൾക്ക് പകരം മൂന്നു വിദേശതാരവും മൂന്ന് U23 താരവും എന്ന രീതിയിലാക്കിയാൽ ഇന്ത്യയിലെ താരങ്ങൾ വളരാൻ സഹായിക്കുമെന്നും ഇവാൻ വ്യക്തമാക്കുന്നു.
Ivan Vukomanovic Slams Super Cup Format