ഏറെ പ്രതീക്ഷകളോടെ സ്വന്തമാക്കി ഒരു മത്സരം പോലും ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ കളിക്കാനാവാതെ പരിക്കേറ്റു പുറത്തായ താരമാണ് ഓസ്‌ട്രേലിയൻ താരമായ ജോഷുവോ സോട്ടിരിയോ. സീസൺ ആരംഭിക്കുന്നതിനു മുൻപ് നടന്ന പരിശീലന സെഷനിൽ പങ്കെടുക്കുമ്പോൾ പരിക്കേറ്റ താരം ശസ്ത്രക്രിയ നടത്തിയതിനു ശേഷം വിശ്രമത്തിലായിരുന്നു. സോട്ടിരിയോക്ക് സീസൺ നഷ്‌ടമാകുമെന്ന് അന്നുതന്നെ തീർച്ചയായിരുന്നു.
പരിക്കിൽ നിന്നും മുക്തനായിക്കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയൻ താരവുമായി ബന്ധപ്പെട്ട പുതിയൊരു അപ്‌ഡേറ്റ് കഴിഞ്ഞ ദിവസം ഇവാൻ വുകോമനോവിച്ച് നൽകിയിട്ടുണ്ട്. പരിക്കിൽ നിന്നും ഉടനെ തന്നെ മുക്തനാകാൻ പോകുന്ന താരം അടുത്ത മാസം ടീമിനൊപ്പം ചേരുമെന്നാണ് പരിശീലകൻ പറഞ്ഞത്. ടീമുമായി ഇണങ്ങിച്ചേരാനുള്ള പ്രവർത്തനങ്ങൾ താരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
🎙️| Ivan Vukomanović: “Jashua Sotirio will be back with the team next season. He'll come early during March to spent time with the team and medical staff.”@_inkandball_ #KeralaBlasters #KBFC pic.twitter.com/ZJvQqKCNEL
— Blasters Zone (@BlastersZone) February 11, 2024
എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി ഈ സീസണിൽ സോട്ടിരിയോ കളിക്കാനിറങ്ങില്ല. അടുത്ത സീസണിലാണ് ഇരുപത്തിയെട്ടുകാരനായ താരം ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി കളിക്കാനിറങ്ങുക. ഒരു ടീമിന് ആറു വിദേശതാരങ്ങളെയാണ് ഒരു സമയത്ത് ടീമിൽ ഉൾപ്പെടുത്താൻ കഴിയുക. നിലവിലെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ ആറു വിദേശതാരങ്ങളുണ്ട് എന്നതിനാൽ തന്നെ ഈ സീസണിൽ സോട്ടിരിയോയെ ഉൾപ്പെടുത്താൻ കഴിയില്ല.
ഓസ്‌ട്രേലിയയുടെ അണ്ടർ 20, അണ്ടർ 23 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ജൗഷുവ സോട്ടിരിയോയെ ഓസ്‌ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിൽ നിന്നുമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. വിങ്ങറായും ഫോർവേഡായും കളിക്കാൻ കഴിയുന്ന താരത്തിന് അടുത്ത സീസണിൽ ടീമിനായി മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.
സോട്ടിരിയോ ടീമിനൊപ്പം ചേരുമെന്ന് ഉറപ്പിച്ചതോടെ ഈ സീസൺ അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ടീമിൽ വലിയൊരു അഴിച്ചുപണി ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. നിലവിൽ ടീമിനൊപ്പമുള്ള പല വിദേശതാരങ്ങളും ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. ഇവരിൽ ആരെയൊക്കെ നിലനിർത്തണമെന്ന കാര്യത്തിൽ തീരുമാനമാവുക ഈ സീസണിന് ശേഷമായിരിക്കും.
Ivan Vukomanovic Says Jaushua Sotirio Will Join With The Squad Next Month