മികച്ച ഫോമിൽ കളിച്ചു കൊണ്ടിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് അഡ്രിയാൻ ലൂണയുടെ പരിക്ക് തിരിച്ചടി നൽകിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സീസണിൽ അതുവരെയുള്ള കണക്കെടുത്താൽ കേരള ബ്ലാസ്റ്റേഴ്സിൽ ഏറ്റവുമധികം ഗോൾ പങ്കാളിത്തവും ഐഎസ്എല്ലിൽ ഏറ്റവുമധികം അവസരങ്ങൾ ഉണ്ടാക്കിയെടുത്ത താരത്തെയാണ് ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്.
സീസണിന്റെ അവസാനം വരെ അഡ്രിയാൻ ലൂണക്ക് നഷ്ടമാകുമെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ താരം തിരിച്ചുവരവിന്റെ പാതയിലാണ്. ടീമിനൊപ്പം വ്യക്തിഗത പരിശീലനം ആരംഭിച്ച താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ജംഷഡ്പൂരിനെതിരായ മത്സരത്തിന് മുൻപ് മാധ്യമങ്ങളെ കാണുമ്പോൾ ഇവാൻ വുകോമനോവിച്ച് പറയുകയുണ്ടായി.
Ivan Vukomanović 🗣️ “Luna will NOT play tomorrow. He's not ready to play these kind of games. He started a little more than 10 days ago with the medical staff. We will choose the right moment. We've to be careful with him because he's very important to us.” @_inkandball_ #KBFC pic.twitter.com/hEU0wyWHfd
— KBFC XTRA (@kbfcxtra) March 29, 2024
“ലൂണ ജംഷഡ്പൂരിനെതിരെ നാളെ നടക്കുന്ന മത്സരത്തിൽ കളിക്കില്ല. ഇതുപോലെയുള്ള മത്സരങ്ങൾ കളിക്കാൻ ലൂണ തയ്യാറായിട്ടില്ല. പത്ത് ദിവസം മുൻപ് മാത്രമാണ് മെഡിക്കൽ സ്റ്റാഫിനൊപ്പം താരം പരിശീലനം ആരംഭിച്ചത്. ശരിയായ സമയമേ ഞങ്ങൾ തിരഞ്ഞെടുക്കുകയുള്ളൂ. ടീമിന് വളരെ പ്രധാനപ്പെട്ട താരമായതിനാൽ തന്നെ ഞങ്ങൾ അദ്ദേഹത്തിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്.” ഇവാൻ പറഞ്ഞു.
ജംഷഡ്പൂരിനെതിരായ മത്സരത്തിന് ശേഷം ഏപ്രിൽ മൂന്നിന് ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അതിനു ശേഷം ആറിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പന്ത്രണ്ടിന് ഹൈദരാബാദ് എഫ്സി എന്നിവർക്കെതിരെ എവേ മത്സരങ്ങളുണ്ട്. ഈ മത്സരങ്ങളിൽ ഏതിലെങ്കിലും ലൂണ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഇനിയുള്ള കടമ്പ പ്ലേ ഓഫിലേക്ക് യോഗ്യത നേടുകയെന്നതാണ്. നിലവിൽ അതിനു വെല്ലുവിളിയില്ലെങ്കിലും തോൽവികൾ ആവർത്തിച്ചാൽ അത് കടുപ്പമാകും. പ്ലേ ഓഫിലേക്ക് മുന്നേറാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞാൽ ആ മത്സരങ്ങൾ കളിക്കാൻ ലൂണയും ഉണ്ടാകുമെന്നുറപ്പാണ്. അത് ടീമിന് പുതിയൊരു ഊർജ്ജം നൽകുകയും ചെയ്യും.
Ivan Vukomanovic Talks About Luna Return