കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്ലേ ഓഫ് മത്സരം ഇന്ന് നടക്കാനിരിക്കെയാണ്. പ്ലേ ഓഫിൽ ഒഡിഷ എഫ്സിയെ അവരുടെ മൈതാനത്ത് നേരിടാനിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന സാഹചര്യമാണുള്ളത്. മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കെ തുടർച്ചയായ പരിക്കുകൾ വില്ലനായ ടീം പൊരുതാൻ വേണ്ടിത്തന്നെയാണ് മത്സരത്തിനായി ഇറങ്ങുന്നത്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഒഡിഷ എഫ്സിയുടെ കരുത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയുണ്ടായി. അതിനൊപ്പം തന്നെ ഇതുപോലെയുള്ള മത്സരങ്ങളിൽ ആ ദിവസം ഏറ്റവും കൂടുതൽ കരുത്ത് കാണിക്കാനും എതിരാളികളുടെ മേൽ ആധിപത്യം സ്ഥാപിക്കാനും കഴിയുന്ന ടീമാണ് വിജയം നേടുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Ivan Vukomanović 🗣️ “Odisha are one of the best teams in the league. They were one of the most consistent team throughout the season and full squad of foreigners available and they represented India at AFC and that's the team showed the most this season.” @im__nair01 #KBFC
— KBFC XTRA (@kbfcxtra) April 18, 2024
“ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഒഡിഷ എഫ്സി. ഈ സീസണിൽ മുഴുവൻ വളരെയധികം സ്ഥിരതയോടെ കളിച്ച ടീമാണവർ. അതിനു പുറമെ അവരുടെ എല്ലാ വിദേശതാരങ്ങളെയും മത്സരത്തിനായി ലഭ്യമാണ്. എഎഫ്സി ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അവർ ആ ഗുണം ഈ സീസണിൽ മുഴുവൻ കാണിച്ചു കൊണ്ടിരിക്കുന്നു.”
“ഏറ്റവും മികച്ച ടീമുകളാണ് ഇത്തരം മത്സരങ്ങളെ അതിജീവിക്കുക, അതിനാൽ തന്നെ ഞങ്ങൾ ഏറ്റവും മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണ്. ഒരു ഗംഭീര മത്സരത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.” മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കി.
പരിക്കും സസ്പെൻഷനുമെല്ലാം വലച്ച ടീമുമായാണ് ബ്ലാസ്റ്റേഴ്സ് മത്സരത്തിനെത്തുന്നത്. അതേസമയം ഏറ്റവും മികച്ച സ്ക്വാഡാണ് ഒഡിഷ എഫ്സിയുടേത്. ഒഡിഷ എഫ്സിയുടെ മൈതാനത്ത് ഇതുവരെ വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ലെന്നത് ഒരു വെല്ലുവിളിയാണെങ്കിലും ടീമിലെ താരങ്ങൾ ഒത്തുപിടിച്ചാൽ ഒരു അട്ടിമറിക്ക് സാധ്യതയുണ്ട്.
Ivan Vukomanovic Talks About Odisha FC