സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ പ്രകടനം ആരാധകരെ നിരാശപ്പെടുത്തിയ ഒന്നായിരുന്നു. പ്രധാന താരങ്ങൾ എല്ലാവരുമുള്ള ടീം ആദ്യത്തെ മത്സരത്തിൽ വിജയം സ്വന്തമാക്കി പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് നടന്ന രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങി. അതിൽ തന്നെ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്.
അഡ്രിയാൻ ലൂണയുടെ അഭാവത്തിലും മികച്ച പ്രകടനം നടത്തിയിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ മികച്ച പ്രകടനം നടത്തുമെന്നും കിരീടത്തിനായി പൊരുതുമെന്നും ഏവരും കരുതിയിരുന്നു. എന്നാൽ സൂപ്പർ കപ്പ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യമേ അല്ലായിരുന്നുവെന്നാണ് പരിശീലകൻ പറഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങൾ കളിക്കാൻ വേണ്ടി മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ടൂർണമെന്റിന് പോയതെന്നു ഇവാൻ വ്യക്തമാക്കി.
More on this : pic.twitter.com/LzUQAWYfVY
— Midhun Dharan (@midhun_dharan) January 25, 2024
“ഒഡിഷയിൽ വെച്ചു നടന്ന ടൂർണമെന്റിൽ പങ്കെടുത്ത് മൂന്നു മത്സരങ്ങളും കളിച്ച് കൊച്ചിയിൽ തിരിച്ചെത്താൻ വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പർകപ്പിനായി പോയത്. അതിൽ കൂടുതലായി ഒന്നും ഉണ്ടായിരുന്നില്ല. ആരാധകരുടെ നിരാശ എനിക്ക് മനസിലാകും. പ്രതീക്ഷകൾ വർധിക്കുമ്പോൾ സ്വാഭാവികമായും നിരാശയും ഉണ്ടാകും.” ഇവാൻ വുകോമനോവിച്ച് മനോരമയോട് സംസാരിക്കുമ്പോൾ പറഞ്ഞു.
“സൂപ്പർകപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ടീമിന് വളരെയധികം നിരാശയാണുള്ളത്. പ്രധാന താരങ്ങളിൽ പലരും ടൂർണമെന്റിന് ഉണ്ടായിരുന്നില്ലെന്നത് മാത്രമായിരുന്നില്ല പ്രശ്‌നം. നിലവിൽ ടീമിന്റെ ഭാഗമായ പല താരങ്ങൾക്കും പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതും വലിയൊരു വെല്ലുവിളി തന്നെയായിരുന്നു.” ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കി.
ഇവാന്റെ പ്രതികരണം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ നൽകുന്നതാണ്. നിരവധി വർഷങ്ങളായി ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാത്ത ടീമിന് ഇപ്പോഴും വലിയ പിന്തുണ നൽകുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. അതുകൊണ്ടു തന്നെ ഒരു കിരീടനേട്ടം അവർ ആഗ്രഹിക്കുന്നുണ്ട്. ഇനി ഐഎസ്എൽ കൂടി സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ രോഷം ഇരട്ടിയായി പുറത്തു വരുമെന്നുറപ്പാണ്.
Ivan Vukomanovic Talks About Super Cup