ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷകളോടെ സ്വീകരിക്കുകയും എന്നാൽ അതിനെയെല്ലാം ഇല്ലാതാക്കി ഒരു മത്സരം പോലും കളിക്കാൻ കഴിയാതെ പരിക്കേറ്റു പുറത്തു പോവുകയും ചെയ്‌ത താരമാണ് ജോഷുവ സോട്ടിരിയോ. കഴിഞ്ഞ സീസണിന് മുന്നോടിയായാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
ടീമിലെത്തിയതിനു ശേഷം പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റ താരത്തിന് സീസണിൽ ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞില്ല. ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് പകരം ഏഷ്യൻ ക്വാട്ട പൂർത്തിയാകാൻ ഡൈസുകെ സക്കായിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. സീസണിന്റെ അവസാന ഘട്ടത്തിലാണ് ജോഷുവ പരിക്കിൽ നിന്നും മുക്തനായി വരുന്നത്.
കഴിഞ്ഞ സീസണിലെ നിരാശ ഈ സീസണിൽ മാറ്റണമെന്ന ഉറച്ച തീരുമാനം ജോഷുവക്കുണ്ടെന്ന് കരുതാം. ഈ വരുന്ന സീസണിന് മുന്നോടിയായി കൊച്ചിയിലേക്ക് ആദ്യം എത്തിയ വിദേശതാരം ജോഷുവയാണ്. അടുത്ത സീസണിൽ ഏഷ്യൻ താരങ്ങൾ ടീമിൽ വേണമെന്ന് നിർബന്ധമില്ലെങ്കിലും ജോഷുവയെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിലൂടെയാണ് ജോഷുവ ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന വ്യക്തമായ സൂചന ബ്ലാസ്റ്റേഴ്‌സ് നൽകിയത്. കൊച്ചിയിലെ സ്റ്റേഡിയത്തിൽ താരം നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് പോസ്റ്റ് ചെയ്‌തത്. ആരാധകർ ആവേശത്തോടെയാണ് ഓസ്‌ട്രേലിയൻ താരത്തിന്റെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യുന്നത്.
സോട്ടിരിയോ, ലൂണ, നോഹ എന്നിവർ ടീമിലുണ്ടാകുമെന്ന് ഇതോടെ ഉറപ്പായി. ഇനി ഡ്രിൻസിച്ച്, പെപ്ര എന്നിവരുടെ കാര്യത്തിലാണ് തീരുമാനം എടുക്കാനുള്ളത്. അവരും തുടരുകയാണെങ്കിൽ ഒരു വിദേശതാരത്തെ കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുക. അതൊരു സെന്റർ ബാക്ക് ആയിരിക്കാനാണ് സാധ്യത.