സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ നടന്ന നിർണായക മത്സരത്തിൽ കൊളംബിയയോട് തോറ്റതോടെ അർജന്റീന ടൂർണമെന്റിൽ നിന്നും പുറത്തായി. കളിച്ച നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും തോൽവി വഴങ്ങിയാണ് അർജന്റീന അഞ്ചു ടീമുകളുള്ള ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി ടൂർണമെന്റിൽ നിന്നും പുറത്തു പോയത്. നാളിൽ മൂന്നു മത്സരങ്ങളും വിജയിച്ച ബ്രസീൽ ഒന്നാം സ്ഥാനക്കാരായും കൊളംബിയ രണ്ടാം സ്ഥാനക്കാരായും സെമിയിൽ കടന്നു.
ടൂർണമെന്റിൽ പെറുവിനെതിരായ മത്സരം മാത്രമാണ് അർജന്റീനക്ക് വിജയിക്കാൻ കഴിഞ്ഞത്. ബാക്കിയെല്ലാ മത്സരങ്ങളിലും അവർ തോൽവി വഴങ്ങി. ബ്രസീലുമായി നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങിയതും ഇതിൽ ഉൾപ്പെടുന്നു. ഗ്രൂപ്പ് എയിൽ നിന്നും ബ്രസീലും കൊളംബിയയും സെമിയിൽ എത്തിയപ്പോൾ ഗ്രൂപ്പ് ബിയിൽ നിന്നും യുറുഗ്വായ്, ഇക്വഡോർ എന്നിവരാണ് അവസാന നാല് ടീമുകളിൽ ഇടം പിടിച്ചത്.
അർജന്റീനയുടെ പരാജയവും പുറത്താകലും കാരണം ടീമിന്റെ പരിശീലകനായ ഹാവിയർ മഷറാനോ സ്ഥാനമൊഴിയുകയാണെന്ന് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ദേശീയ ടീമിന്റെ പരിശീലകനായി സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നു പറഞ്ഞ അദ്ദേഹം ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കുന്നതിൽ താൻ പരാജയപ്പെട്ടു എന്നും വെളിപ്പെടുത്തി. ഇനി തുടരാൻ കഴിയില്ലെന്നും അർജന്റീനയിലേക്ക് തിരിച്ചു പോയി ശാന്തനായി തുടരുകയാണ് വേണ്ടതെന്നും മഷെറാനോ പറഞ്ഞു.
🚨 Javier Mascherano on his Argentina U20 future: "I don't think I'll continue. The best thing is to go back to Argentina and be calm. I failed and I admit it." 🇦🇷 pic.twitter.com/9SREier2AT
— Roy Nemer (@RoyNemer) January 28, 2023
അർജന്റീന ഫുട്ബോൾ പ്രസിഡന്റ് ക്ലൗഡിയോ ടാപിയോയുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെങ്കിലും തുടരാനുള്ള യാതൊരു സാധ്യതയുമില്ലെന്നാണ് മഷെറാനോ വ്യക്തമാക്കുന്നത്. ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന ഒരാൾക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അർജന്റീന ടീമിലിപ്പോൾ ഉള്ളത് മികച്ചൊരു തലമുറയാണെന്നു പറഞ്ഞ മഷെറാനോ താരങ്ങളെ വിട്ടു നൽകിയ ക്ലബുകൾക്കും നന്ദി പറഞ്ഞു.
ലിവർപൂളിന്റെയും ബാഴ്സലോണയുടെയും പ്രധാന താരമായിരുന്ന മഷെറാനോ ക്ലബ് കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. 2021ലാണ് അർജന്റീന അണ്ടർ 20 ടീമിന്റെ ചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്. എന്നാൽ തന്റെ ഉദ്യമത്തിൽ വിജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അണ്ടർ 20 ടീമിൽ കളിക്കാൻ കഴിയുന്ന ചില താരങ്ങളെ ക്ലബുകൾ വിട്ടുകൊടുക്കാതിരുന്നതും ടീമിന് തിരിച്ചടിയായി.