ഖത്തർ ലോകകപ്പ് വരെ പിഎസ്ജിക്കായി മികച്ച പ്രകടനം നടത്തിയെങ്കിലും അതിനു ശേഷം മെസിയുടെ ഫോമിൽ ഇടിവുണ്ടെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാഴ്സയോട് തോറ്റ് ഫ്രഞ്ച് കപ്പിൽ നിന്നും പിഎസ്ജി പുറത്തായതോടെ മെസിക്കെതിരായ വിമർശനങ്ങൾ വർധിക്കുമെന്നതിൽ സംശയമില്ല. അതിനിടയിൽ ലയണൽ മെസിക്ക് പുതിയ കരാർ നൽകരുതെന്ന ആവശ്യവുമായി മുൻ പിഎസ്ജി താരമായ ജെറോം റോത്തൻ രംഗത്തു വന്നു.
“മെസിയുടെ കരാർ പുതുക്കുകയെന്നതൊരു തമാശയാണ്. മെസി, നെയ്മർ, എംബാപ്പെ എന്നിവരെ കൈകാര്യം ചെയ്യുകയെന്നത് സങ്കീർണമായ കാര്യമാണ്. അതിനു പുറമെ താരത്തിന്റെ വേതനവും വളരെ കൂടുതലാണ്. പിഎസ്ജി ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളിൽ കുടുങ്ങുന്നതു തന്നെ ഇതുപോലെ വേതനം നൽകുന്നത് കൊണ്ടാണ്. മെസിയെയും താരത്തിന്റെ ശമ്പളത്തെയും ഒഴിവാക്കി ടീമിനെ മെച്ചപ്പെടുത്താൻ ലഭിച്ച അവസരമാണിത്, അതുകൊണ്ടു തന്നെ മെസിയുടെ കരാർ പുതുക്കരുത്.”
“മൊത്തത്തിൽ പ്രതിഫലിക്കുന്ന കാര്യങ്ങൾ വെച്ച് നോക്കിയാൽ എന്തുകൊണ്ടാണ് മെസി ഇവിടെ തുടരണമെന്ന് ചിന്തിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ക്ലബ്ബിനെ തന്നെക്കാൾ മുന്നിൽ നിർത്താൻ മെസി യാതൊന്നും ചെയ്യുന്നില്ല, ആരാധകർക്ക് നന്ദി പറയാതെ തലയും താഴ്ത്തി ഡ്രസിങ് റൂമിലേക്ക് പോവുകയാണ് താരം ചെയ്യുക. ഇനി ഗോളുകൾ നേടി ആരാധകർ താരത്തിന്റെ പേര് വിളിച്ചു പറയുമ്പോഴും അതിനെ തിരിച്ചൊന്ന് അഭിവാദ്യം ചെയ്യാൻ മെസി ശ്രമിക്കാറില്ല. താരം ഇവിടെ തുടരുന്നത് നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല.” റോത്തൻ പറഞ്ഞു.
“It’s a very bad idea to extend the contract with Messi. He doesn’t bother to take the club forward, lowers his head and goes to the dressing room. They sing his name, but he never made a nice gesture of gratitude to the fans.”
— Context Ronaldo (@ContextRonaldo) February 8, 2023
Jérôme Rothen, former PSG player, via @RMCsport. 🤌 pic.twitter.com/ynEH1H57TR
പിഎസ്ജിക്കായി 58 മത്സരങ്ങൾ കളിച്ച മെസി 26 ഗോളുകളും 29 അസിസ്റ്റുകളും ടീമിനായി നേടിയിട്ടുണ്ട്. അതേസമയം താരം ടീമിനൊപ്പം തുടരുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തുന്നുണ്ടെങ്കിലും ഇതുവരെയും അതിൽ തീരുമാനമായിട്ടില്ല. അതിനിടയിൽ മെസി പിഎസ്ജി കരാർ പുതുക്കില്ലെന്നും മറ്റേതെങ്കിലും ക്ലബ്ബിലേക്ക് അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി ചേക്കേറുമെന്നുമുള്ള റിപ്പോർട്ടുകളുമുണ്ട്.