“മെസിയിൽ നിന്നാണ് ആ വാക്കുകൾ വന്നതെന്ന് നിങ്ങൾക്ക് ചിന്തിക്കാൻ പോലുമാകില്ല”- പിഎസ്‌ജി താരത്തിനെതിരെ മുൻ റയൽ മാഡ്രിഡ് ഗോൾകീപ്പർ

ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നാണ് റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിൽ നടക്കുന്ന എൽ ക്ലാസികോ. ഫുട്ബോൾ ലോകത്തെ രണ്ടു സൂപ്പർതാരങ്ങളായ ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സാന്നിധ്യം കൊണ്ട് ആവേശകരമായിരുന്ന എൽ ക്ലാസിക്കോ അവരൊന്നുമില്ലാതെ അടുത്തയാഴ്‌ച നടക്കാനിരിക്കെയാണ്‌. ഈ രണ്ടു താരങ്ങളുമില്ലെങ്കിലും ലാ ലീഗയിൽ ഒരേ പോയിന്റ് നിലയിലുള്ള രണ്ടു ടീമുകളാണ് പോരാടുന്നത് എന്നതിനാൽ ആരാധകർ ആവേശത്തോടെയാണ് മത്സരത്തിനായി കാത്തിരിക്കുന്നത്.

ലയണൽ മെസി ബാഴ്‌സലോണ താരമായിരുന്ന സമയത്ത് എൽ ക്ലാസിക്കോയിൽ ആധിപത്യം സ്ഥാപിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. മെസി ഏറ്റവുമധികം ഗോളുകൾ നേടിയ ക്ലബുകളിലൊന്നും റയൽ മാഡ്രിഡ് തന്നെയാണ്. അതേസമയം റയലുമായി നടക്കുന്ന മത്സരങ്ങളിൽ പൊതുവെ കാണുന്ന സ്വഭാവമല്ല മെസിയുടേതെന്നാണ് മുൻ ലോസ് ബ്ലാങ്കോസ് ഗോൾകീപ്പറായ ജേർസി ഡുഡെക് പറയുന്നത്. റയൽ മാഡ്രിഡ് താരങ്ങളെ നിരന്തരം പ്രകോപിപ്പിക്കാൻ ലയണൽ മെസി ശ്രമം നടത്തിയിരുന്നു എന്നാണു ഡുഡെക് പറയുന്നത്.

“മെസി വളരെ പ്രകോപനമുണ്ടാക്കിയിരുന്നു, ബാഴ്‌സലോണയും അവരുടെ പരിശീലകൻ പെപ് ഗ്വാർഡിയോളയും അങ്ങിനെ തന്നെയായിരുന്നു. അവർ എല്ലായിപ്പോഴും നിങ്ങളെ അസ്വസ്ഥരാക്കാൻ ശ്രമിക്കും, അതിലവർ വിജയിക്കുകയും ചെയ്‌തിരുന്നു. നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തത്ര മോശമായ വാക്കുകൾ മെസി പെപ്പെയോടും റാമോസിനോടും മെസി പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. വളരെ ശാന്തനും സൗഹൃദമുള്ളവനുമായി തോന്നുന്ന ഒരു താരത്തിൽ നിന്നും ആ വാക്കുകൾ വരുന്നതൊന്ന് ആലോചിച്ചു നോക്കൂ.” ഡുഡെക് പറഞ്ഞത് മാർക്ക വെളിപ്പെടുത്തി.

ഡുഡെക്കിന്റെ വാക്കുകൾക്കൊപ്പം ലയണൽ മെസിയോട് റയൽ മാഡ്രിഡ് താരങ്ങൾ ചെയ്‌തതും ചേർത്തു വായിക്കേണ്ടതുണ്ട്. കളിക്കളത്തിൽ പ്രതിരോധതാരങ്ങളെ നാണം കെടുത്തുന്ന നീക്കങ്ങൾ നടത്തുകയും അനായാസം ഗോളുകൾ നേടുകയും ചെയ്യുന്ന താരത്തെ നിരവധി തവണ റാമോസും പെപ്പെയുമടങ്ങുന്ന റയൽ മാഡ്രിഡ് പ്രതിരോധതാരങ്ങൾ ക്രൂരമായ ഫൗളിന് ഇരയാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പല എൽ ക്ലാസിക്കോ മത്സരങ്ങളിലും പത്ത് പേരുമായി മത്സരം പൂർത്തിയാക്കേണ്ട സാഹചര്യവും ബാഴ്‌സലോണക്കുണ്ടായിട്ടുണ്ട്.

വീണ്ടുമൊരു എൽ ക്ലാസിക്കോ വരാനിരിക്കെ ലയണൽ മെസിയില്ലാതെയാണ് ബാഴ്‌സ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് എൽ ക്ലാസിക്കോയിലും വിജയം നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസം ബാഴ്‌സലോണക്കുണ്ടെങ്കിലും നിരവധി താരങ്ങൾ പരിക്കേറ്റു പുറത്തിരിക്കുന്നത് അവർക്ക് ആശങ്കയാണ്. അതേസമയം നിലവിൽ ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്യത്തിൽ പോയിന്റ് ടേബിളിൽ മുന്നിൽ നിൽക്കുന്ന ബാഴ്‌സലോണയെ തോൽപ്പിച്ച് ഒറ്റക്ക് തലപ്പത്തു കയറാനാവും മത്സരത്തിലൂടെ റയൽ മാഡ്രിഡ് ശ്രമിക്കുക.

El ClasicoFC BarcelonaJerzy DudekLionel MessiPepePSGReal MadridSergio Ramos
Comments (0)
Add Comment