കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളടിച്ചു കൂട്ടിയിരുന്ന ദിമിത്രിയോസ് ഡയമെന്റക്കൊസ് ക്ലബ് വിട്ടപ്പോൾ ഏവരും നിരാശരായിരുന്നു. ആദ്യമായി ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് താരത്തെ കൈവിട്ടതിനു നേതൃത്വത്തിനെതിരെ വിമർശനവും ഉണ്ടായിരുന്നു.
ദിമിത്രിയോസിനു പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് വൈകിയാണ് സ്വന്തമാക്കിയത്. മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ സ്റ്റീവൻ ജോവട്ടിക്ക് അടക്കം പല വമ്പൻ പേരുകളുടെയും പിന്നാലെ പോയ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്‌ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിലാണ് സ്‌പാനിഷ് താരമായ ജീസസ് ജിമിനസിനെ സ്വന്തമാക്കിയത്.
Jesus Jimenez there is more to come from him
What a player 🫡 pic.twitter.com/UO5F7R8kAr
— Abdul Rahman Mashood (@abdulrahmanmash) October 20, 2024
പ്രീ സീസൺ പോലും കളിക്കാതെയാണ് ടീമിലേക്ക് എത്തിയതെങ്കിലും തന്റെ കഴിവ് വളരെ പെട്ടന്ന് തന്നെ തെളിയിക്കാൻ ജീസസ് ജിമിനസിനു കഴിയുന്നുണ്ടെന്നത് ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്നു. ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളിലും താരം മികച്ച പ്രകടനമാണ് നടത്തിയത്.
ഐഎസ്എല്ലിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടിയ ജീസസ് ജിമിനസ് ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളും ഒരു അസിസ്റ്റുമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ മനോഹരമായ ഒരു ഹെഡറിലൂടെ ബ്ലാസ്റ്റേഴ്‌സിന് വിജയം നേടിക്കൊടുത്തത് താരമായിരുന്നു.
ടീമുമായി പൂർണമായും ഇണങ്ങിച്ചേരുന്നതിനു മുൻപേ തന്നെ ജീസസ് ഇത്രയും മികച്ച പ്രകടനം നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ താരം കൂടുതൽ ഇണങ്ങിച്ചേർന്നാൽ ഇതിനേക്കാൾ മികച്ച പ്രകടനം പ്രതീക്ഷിക്കാം. നോഹയുമായി മികച്ച ഒത്തിണക്കവും ജീസസ് കാണിക്കുന്നുണ്ട്.