ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് മുതൽ നിരവധി മികച്ച സ്‌ട്രൈക്കർമാർ കളിച്ചിട്ടുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇയാൻ ഹ്യൂം മുതൽ ഇപ്പോൾ കളിക്കുന്ന ജീസസ് ജിമിനസ് വരെ എടുത്തു നോക്കുകയാണെങ്കിൽ ഏറ്റവും മികച്ച സ്‌ട്രൈക്കർമാർ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിച്ചവരായിരിക്കും.
കഴിഞ്ഞ സീസണിൽ യുവേഫ കോൺഫറൻസ് ലീഗ് കിരീടം നേടിയ സ്റ്റീവൻ ജോവറ്റിക് അടക്കമുള്ള താരങ്ങളെ ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരുന്നെങ്കിലും അവസാനം എത്തിയത് സ്‌പാനിഷ് താരം ജീസസ് ജിമിനസാണ്. അതിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ സന്തോഷിക്കുകയാണിപ്പോൾ.
ഈ സീസണിൽ മികച്ച ഫോമിലാണ് ജീസസ് ജിമിനസ് കളിച്ചു കൊണ്ടിരിക്കുന്നത്. പ്രീ സീസൺ മത്സരങ്ങൾ ഒന്നു പോലും കളിക്കാതെയാണ് ടീമിൽ എത്തിയതെന്നതിന്റെ കുറവൊന്നും കാണിക്കാതെ ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്കോററും ഐഎസ്എല്ലിൽ മൂന്നാമത്തെ ടോപ് സ്‌കോററുമാണ് ജീസസ്.
അവസാനം നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ ഗോൾ നേടിയതോടെ ഗ്രീക്ക് താരമായ ദിമിത്രിയോസിന്റെ റെക്കോർഡിനൊപ്പം ജീസസ് എത്തി. കേരള ബ്ലാസ്റ്റേഴ്‌സിനായി തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡാണ് ജീസസ് സ്വന്തമാക്കിയത്.
ഈ സീസണിൽ എട്ടു മത്സരങ്ങളിൽ നിന്നും ആറു ഗോളുകളും ഒരു അസിസ്റ്റുമാണ് ജിമിനാസ് സ്വന്തമാക്കിയത്. ഗോൾ പോസ്റ്റ് തടഞ്ഞ നാല് ഷോട്ടുകൾ ഗോളായിരുന്നെങ്കിൽ ഐഎസ്എല്ലിലെ ടോപ് സ്‌കോറർ ആകേണ്ടിയിരുന്ന താരത്തിൽ ആരാധകർക്ക് വളരെ പ്രതീക്ഷയുണ്ട്.