ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിച്ച പ്രധാന താരമായിരുന്നു ഖത്തർ ലോകകപ്പിൽ ഹോളണ്ടിനു വേണ്ടി മികച്ച പ്രകടനം നടത്തിയ പിഎസ്വി താരം കോഡി ഗാക്പോ. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതീക്ഷകൾ മുഴുവൻ തകർത്ത് താരത്തെ ലിവർപൂൾ സ്വന്തമാക്കി. ലിവർപൂൾ കളിക്കുന്ന ഹോളണ്ട് താരമായ വിർജിൽ വാൻ ഡൈക്കിന്റെ ഇടപെടലുകളാണ് ഗാക്പോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തഴയാൻ കാരണമായത്. ലക്ഷ്യമിട്ട പ്രധാന താരത്തെ തന്നെ നഷ്ടമായതോടെ മറ്റു താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിപ്പോൾ.
മാഞ്ചസ്റ്റർ യുണൈറ്റഡിന് കൂടുതൽ തിരിച്ചടി നൽകി അവർ വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ നോട്ടമിട്ട മറ്റൊരു താരം കൂടി എതിരാളികളുടെ തട്ടകത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. അത്ലറ്റികോ മാഡ്രിഡിന്റെ പോർച്ചുഗീസ് മുന്നേറ്റനിര താരമായ ജോവോ ഫെലിക്സ് പ്രീമിയർ ലീഗിൽ മോശം ഫോമിൽ കളിക്കുന്ന ചെൽസിയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരത്തെ ലോൺ കരാറിൽ സ്വന്തമാക്കാൻ രണ്ടു ക്ലബുകളും തമ്മിൽ ധാരണയിൽ എത്തിയെന്നും പോർച്ചുഗീസ് ഫോർവേഡും ട്രാൻസ്ഫറിനു സമ്മതം മൂളിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏതാണ്ട് പതിനൊന്നു മില്യൺ യൂറോയോളമാണ് ഫെലിക്സിനെ ലോണിൽ ടീമിന്റെ ഭാഗമാക്കാൻ ചെൽസി ചിലവാക്കുന്നതെന്ന് ദി അത്ലറ്റികിന്റെ ഡേവിഡ് ഓൺസ്റ്റീൻ വ്യക്തമാക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനായി ശ്രമം നടത്തിയെങ്കിലും ഇത്രയും തുക മുടക്കാൻ അവർ തയ്യാറായില്ല. ഇതാണ് ചെൽസിക്ക് ഫെലിക്സ് ട്രാൻസ്ഫറിൽ മുൻതൂക്കം നൽകിയത്. മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലും താരത്തിനായി ശ്രമം നടത്തിയിരുന്നുവെങ്കിലും അതും ഫലം കണ്ടില്ല. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ താരം സ്റ്റാംഫോം ബ്രിഡ്ജിൽ എത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Chelsea are now expected to close in on João Félix deal in 24/48h — as final details of the agreement with Atletico Madrid are being finalised 🚨🔵 #CFC
— Fabrizio Romano (@FabrizioRomano) January 9, 2023
All parties ready to prepare documents and get it signed. Full package around €11m, salary covered by Chelsea. pic.twitter.com/6jWNUkNGO6
ബെൻഫിക്കയിൽ തകർപ്പൻ ഫോമിൽ കളിച്ചിരുന്ന ഫെലിക്സിനെ ഗ്രീസ്മനു പകരക്കാരനായി വമ്പൻ തുക നൽകിയാണ് അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയത്. എന്നാൽ സ്പാനിഷ് ക്ലബിനൊപ്പം ഇതുവരെയും മികച്ച പ്രകടനം നടത്താൻ ഫെലിക്സിനു കഴിഞ്ഞിട്ടില്ല. പ്രീമിയർ ലീഗിലേക്ക് ചേക്കേറുമ്പോൾ തന്റെ ഫോം തിരികെ പിടിക്കാമെന്ന പ്രതീക്ഷയാണ് ഇരുപത്തിമൂന്നുകാരനായ താരത്തിനുള്ളത്. നിലവിൽ മോശം ഫോമിൽ കളിക്കുന്ന, പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്തു നിൽക്കുന്ന ചെൽസിക്കും താരത്തിന്റെ വരവ് പ്രതീക്ഷ നൽകുന്നു. മികച്ച പ്രകടനം നടത്തിയാൽ ചെൽസി താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കുമെന്നുറപ്പാണ്.
അതേസമയം ഫെലിക്സിനേയും നഷ്ടമായതോടെ മറ്റു താരങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ട അവസ്ഥയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്. നിലവിൽ അവരുടെ പ്രധാന ലക്ഷ്യം ലോകകപ്പിൽ തിളങ്ങിയ ഹോളണ്ട് താരം വൗട്ട് വേഗഹോർസ്റ്റാണ്. പ്രീമിയർ ലീഗ് ക്ലബായ ബേൺലിയിൽ നിന്നും തുർക്കിഷ് ക്ലബായ ബേസിക്റ്റസിൽ ലോണിൽ കളിക്കുന്ന താരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷ അവർക്കുണ്ട്. റൊണാൾഡോ ടീം വിട്ടതിനു ശേഷം ഇതുവരെയും പകരം താരത്തെ സ്വന്തമാക്കാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് പക്ഷെ തകർപ്പൻ ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.