പ്രതീക്ഷയോടെ എത്തിയ യുവതാരം പുറത്ത്, വിദേശതാരത്തിന്റെ കരാർ റദ്ദാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

പുതിയ സീസണിനായി തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ഡ്യൂറൻഡ് കപ്പിൽ ടീം ക്വാർട്ടർ ഫൈനലിൽ പുറത്തു പോയത് ആരാധകരുടെ രോഷത്തിനു കാരണമായിട്ടുണ്ട് എന്നതിനാൽ തന്നെ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ പുതിയൊരു സ്‌ട്രൈക്കറെ സ്വന്തമാക്കി പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നീക്കങ്ങൾ ക്ലബ് നടത്തിയിട്ടുണ്ട്.

അതിനിടയിൽ പ്രതീക്ഷയോടെ എത്തിച്ച ഒരു വിദേശയുവതാരം കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തു പോവുകയാണ്. കഴിഞ്ഞ സീസണിന് മുന്നോടിയായി ടീമിലേക്ക് വന്ന നൈജീരിയൻ സ്‌ട്രൈക്കർ ജസ്റ്റിൻ ഇമ്മാനുവലാണ് ബ്ലാസ്റ്റേഴ്‌സ് വിടുന്നത്. ഇരുപത്തിയൊന്ന് താരത്തിന്റെ കരാർ റദ്ദാക്കാനുള്ള തീരുമാനം ക്ലബ് എടുത്തുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ക്ലബിൽ ട്രയൽസ് നടത്തിയാണ് ജസ്റ്റിൻ ഇമ്മാനുവലിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ആദ്യം ബി ടീമിലേക്ക് വന്ന താരം പിന്നീട് ഗോകുലം കേരളയിലേക്ക് ലോണിൽ പോയി. പെപ്രക്ക് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ തിരിച്ചു വിളിക്കപ്പെട്ട താരം ഏതാനും മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിച്ചിരുന്നു.

ഈ സീസണിൽ വിദേശതാരങ്ങളുടെ ആധിക്യമുള്ളതിനാലാണ് ജസ്റ്റിൻ ഇമ്മാനുവലിനെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നത്. നിലവിൽ എട്ടു വിദേശതാരങ്ങളുള്ള ടീമിൽ നിന്നും ജസ്റ്റിനെ ഒഴിവാക്കുന്നതോടെ എണ്ണം ഏഴായി ചുരുങ്ങും. എങ്കിൽ പോലും ഒരു വിദേശതാരം ടീമിൽ കൂടുതലാണ്. ആറു വിദേശതാരങ്ങളെ മാത്രമേ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂ.

40 ലക്ഷം മാർക്കറ്റ് വാല്യൂവുള്ള താരമാണ് ജസ്റ്റിൻ ഇമ്മാനുവൽ. എന്നാൽ ടീമിൽ താരത്തിനെ ആവശ്യമില്ല എന്നതിനാൽ ഒഴിവാക്കേണ്ടത് ബ്ലാസ്റ്റേഴ്‌സിന് അനിവാര്യമായിരുന്നു. കരാർ റദ്ദാക്കുകയെന്നത് താരവും ക്ലബും ചേർന്നെടുത്ത തീരുമാനമായിരുന്നു. ഇനി ഏതു ക്ലബിലേക്കാണ് ജസ്റ്റിൻ ഇമ്മാനുവൽ ചേക്കേറുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.

Justine EmmanuelKerala Blasters
Comments (0)
Add Comment