ഖത്തർ ലോകകപ്പ് നേടാൻ സാധ്യതയുള്ള രണ്ടു ടീമുകളെ വെളിപ്പെടുത്തി ബ്രസീലിയൻ ഇതിഹാസം കക്ക

നവംബറിൽ ആരംഭിക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത ഏതെങ്കിലുമൊരു പ്രത്യേക ടീമിനുണ്ടെന്നു പറയാൻ കഴിയില്ല. പല ടീമുകൾക്കും നിലവിൽ ഫോമിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും ഏതു ടീമിനെ വേണമെങ്കിലും എതിരിടാനുള്ള കരുത്തും പ്രതിഭയുമുള്ള താരങ്ങളുള്ള നിരവധി ടീമുകൾ ലോകകപ്പിൽ ഏറ്റുമുട്ടുന്നുണ്ട്. സാധാരണ ജൂൺ മാസങ്ങളിൽ നടക്കാറുള്ള ലോകകപ്പ് ഇത്തവണ ക്ലബ് സീസണിന്റെ ഇടയിലാണ് നടക്കുന്നതെന്നതും ആരു കിരീടം നേടുമെന്ന കാര്യത്തിൽ അനിശ്ചിതത്വം വർധിക്കാനുള്ള കാരണമായി പറയാം.

എന്നാൽ ഖത്തർ ലോകകപ്പിൽ രണ്ടു ടീമുകൾക്ക് കിരീടം നേടാൻ കൂടുതൽ സാധ്യതയുണ്ടെന്നാണു ബ്രസീലിന്റെ ഇതിഹാസതാരമായ കക്ക പറയുന്നത്. വർഷങ്ങൾക്കു മുൻപ് ഫുട്ബോൾ കരിയർ അവസാനിപ്പിച്ച താരം കഴിഞ്ഞ ദിവസം ബെർലിൻ മാരത്തോണിൽ പങ്കെടുക്കാൻ ജർമനിയിൽ എത്തിയപ്പോൾ സ്‌പാനിഷ്‌ മാധ്യമമായ മാർക്കക്കു നൽകിയ അഭിമുഖത്തിലാണ് ഇത്തവണ ലോകകപ്പ് നേടാൻ ഏറ്റവുമധികം സാധ്യതയുള്ള രണ്ടു ടീമുകളെ തിരഞ്ഞെടുത്തത്.

യൂറോപ്പിനെ അപേക്ഷിച്ച് സൗത്ത് അമേരിക്കയിൽ മത്സരങ്ങളുടെ തീവ്രത കുറവാണെന്നു സമ്മതിച്ച കക്ക പക്ഷെ ലാറ്റിനമേരിക്കയിലെ പ്രധാന ശക്തികളായ ബ്രസീലിനും അർജന്റീനക്കും തന്നെയാണ് ലോകകപ്പിൽ കൂടുതൽ സാധ്യതയെന്നാണ് പറയുന്നത്. “ഈ അർജന്റീന ടീമിനെ എനിക്കിഷ്‌ടമാണ്. മികച്ചൊരു പരിശീലകൻ അവർക്കുണ്ട്, പക്വതയുള്ള ടീമുമാണവർ. ബ്രസീലിനും അർജന്റീനക്കുമാണ് ഈ ലോകകപ്പ് നേടാൻ സാധ്യതയുള്ളത്.”

ബ്രസീലിനും അർജന്റീനക്കും പുറമെ ലോകകപ്പ് നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളെയും കാക്ക തിരഞ്ഞെടുത്തു. കഴിഞ്ഞ തവണ ചാമ്പ്യന്മാരായ ഫ്രാൻസിനാണ് ഈ ടീമുകൾക്കു ശേഷം ഏറ്റവുമധികം സാധ്യതയുള്ളതെന്നാണ് കക്ക പറയുന്നത്. സ്പെയിൻ, ജർമനി എന്നീ ടീമുകൾക്കും കിരീടം നേടാനുള്ള കരുത്തുണ്ടെന്നു പറഞ്ഞ ബ്രസീലിയൻ ഇതിഹാസം പോർച്ചുഗലിനു മേൽ എല്ലായിപ്പോഴും ഒരു കണ്ണു വേണമെന്നും അതിനൊപ്പം കൂട്ടിച്ചേർത്തു.

ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെ നവംബർ ഇരുപതോടെ ആരംഭിക്കുന്ന ഖത്തർ ലോകകപ്പ് അവസാനിക്കുന്നത് ഡിസംബർ 18നാണ്. നവംബർ 22ന് സൗദി അറേബ്യക്കെതിരെ അർജന്റീന തങ്ങളുടെ ആദ്യത്തെ മത്സരം കളിക്കുമ്പോൾ മൂന്നു ദിവസങ്ങൾക്കു ശേഷം സെർബിയക്കെതിരെയാണ് ബ്രസീൽ ആദ്യത്തെ മത്സരം കളിക്കുക.

ArgentinaBrazilFIFA World CupKaka
Comments (0)
Add Comment