ലോകകപ്പ് യോഗ്യത മത്സരത്തിൽ കഴിഞ്ഞ ദിവസം പരാഗ്വായോട് ബ്രസീൽ കീഴടങ്ങിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് ബ്രസീൽ തോൽവി വഴങ്ങിയ മത്സരത്തിൽ ടീമിലെ സൂപ്പർതാരങ്ങളെല്ലാം നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. വിനീഷ്യസ്, റോഡ്രിഗോ, എൻഡ്രിക്ക് തുടങ്ങി റയൽ മാഡ്രിഡിലെ മുന്നേറ്റനിരക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
കഴിഞ്ഞ കുറേ വർഷങ്ങളായി ബ്രസീൽ ദേശീയ ടീം നടത്തുന്ന പ്രകടനം മോശമാണെന്ന വിമർശനം ഇതോടെ ഒന്നുകൂടി ശക്തമായിട്ടുണ്ട്. 2022 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പുറത്തു പോവുകയും അർജന്റീന കിരീടം നേടുകയും ചെയ്‌തതോടെ വ്യാപകമായ വിമർശനമാണ് കഴിഞ്ഞ ദിവസത്തെ തോൽവിയോടെ ഒന്നുകൂടി ശക്തി പ്രാപിച്ചിരിക്കുന്നത്.
ബ്രസീൽ ടീമിനെ സംബന്ധിച്ച് പ്രധാന പ്രശ്‌നം മികച്ചൊരു പരിശീലകൻ ഇല്ലാത്തതാണെന്നാണ് കരുതേണ്ടത്. ബ്രസീലിൽ നിന്നുമെത്തി യൂറോപ്യൻ ഫുട്ബോളിൽ തിളങ്ങിയ പരിശീലകർ വിരലിൽ എണ്ണാവുന്നതേയുള്ളൂ. ബ്രസീലിൽ നിന്നുള്ള പരിശീലകരെ മാത്രമേ ദേശീയ ടീം മാനേജരാക്കി നിയമിക്കൂ എന്നതിനാൽ യൂറോപ്പിലെ മികച്ച പരിശീലകരെ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പരിഗണിക്കുന്നേയില്ല.
ഉദാഹരണത്തിന് കാർലോ ആൻസലോട്ടിയെപ്പോലെയൊരു പരിശീലകൻ വന്നാൽ ബ്രസീൽ ടീമിൽ അതിന്റെ മാറ്റം പ്രകടമായിരിക്കും. അദ്ദേഹത്തിനു ടീമിലെ താരങ്ങളുടെ മേൽ ആധിപത്യം ഉണ്ടാക്കാനും തന്റെ ശൈലി കൃത്യമായി അവലംബിക്കാനും കഴിയും. അതേസമയം ബ്രസീലിലെ ക്ലബുകളിൽ നിന്നും വരുന്ന പരിശീലകർക്ക് ദേശീയ ടീമിലെ വമ്പൻ താരങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയുന്നില്ല.
താരങ്ങളെ നിയന്ത്രിക്കാനും തന്റെ ശൈലിക്ക് അനുസൃതമായി അവരെ വാർത്തെടുക്കാനും ഇപ്പോഴത്തെ പരിശീലകർക്ക് കഴിയുന്നില്ലെന്നത് വ്യക്തമാണ്. ഖത്തർ ലോകകപ്പിന് ശേഷം ബ്രസീൽ ടീമിനെ നയിച്ചത് മൂന്നു പരിശീലകനാണ്. നെയ്‌മർ കാര്യമായി ലഭ്യമല്ലാതിരുന്നിട്ടും വിനീഷ്യസ്, റോഡ്രിഗോ, റാഫിന്യ തുടങ്ങിയ താരങ്ങളെ വേണ്ടത് പോലെ ഉപയോഗിക്കാൻ ഈ പരിശീലകരിൽ ഒരാൾക്കും കഴിഞ്ഞിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ ഒരു മികച്ച പരിശീലകനെ കണ്ടെത്തുകയെന്നതാണ് ബ്രസീൽ ആദ്യമായി ചെയ്യേണ്ടത്. ഡ്രസിങ് റൂമിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന, ടീമിലെ താരങ്ങളെ കൃത്യമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു പരിശീലകൻ ആയിരിക്കണമത്. അങ്ങിനെയൊരു പരിശീലകൻ എത്തിയാൽ മാത്രമേ ബ്രസീൽ ടീം ആരാധകർ ആഗ്രഹിക്കുന്ന തലത്തിലേക്ക് എത്തുകയുള്ളൂ.