ഖത്തർ ലോകകപ്പിനുള്ള ഫ്രാൻസ് ടീമിന്റെ സ്ക്വാഡിൽ നിന്നും കരിം ബെൻസിമയെ ഒഴിവാക്കിയത് നിരവധി വിവാദങ്ങൾക്ക് പിന്നീട് കാരണമായിരുന്നു. പരിക്ക് കാരണമാണ് കരിം ബെൻസിമ ടീമിൽ നിന്നും തഴയപ്പെട്ടതെങ്കിലും സ്ക്വാഡിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നില്ല. അതുകൊണ്ടു തന്നെ പരിക്ക് ഭേദമായാൽ താരത്തെ വീണ്ടും ടീമിൽ ഉൾപ്പെടുത്താൻ കഴിയുമായിരുന്നു. ഫ്രാൻസ് സ്ക്വാഡിൽ നിന്നും ഒഴിവാക്കപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ബെൻസിമയുടെ പരിക്ക് ഭേദമായെങ്കിലും താരത്തെ വീണ്ടും ഉൾപ്പെടുത്താൻ പരിശീലകൻ ദെഷാംപ്സ് തയ്യാറായില്ല.
സിനദിൻ സിദാന് ശേഷം ബാലൺ ഡി ഓർ സ്വന്തമാക്കിയ ആദ്യത്തെ ഫ്രഞ്ച് താരമെന്ന നേട്ടം സ്വന്തം പേരിലാക്കിയതിനു പിന്നാലെയാണ് ബെൻസിമ ഇത്തരത്തിൽ തഴയപ്പെട്ടത്. ദെഷാംപ്സും ബെൻസിമയും തമ്മിൽ ഇക്കാര്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് പിന്നീട് രണ്ടു പേരുടെയും പ്രതികരണങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ഫ്രാൻസ് ഫൈനലിൽ എത്തിയതോടെ പരിക്ക് ഭേദമായ ബെൻസിമ ടീമിനായി കലാശപ്പോരാട്ടത്തിൽ ഇറങ്ങുമോയെന്ന ചോദ്യത്തിന് പ്രതികൂലമായാണ് ദെഷാംപ്സ് പ്രതികരിച്ചത്. ബെൻസിമയും തനിക്ക് താൽപര്യമില്ലെന്ന മറുപടി നൽകി.
ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ തോൽവി വഴങ്ങിയതിനു പിന്നാലെ ഫ്രഞ്ച് ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ബെൻസിമ ഇപ്പോൾ റയൽ മാഡ്രിഡിനൊപ്പം സീസൺ പുനരാരംഭിക്കാനുള്ള പരിശീലനത്തിലാണ്. റയൽ മാഡ്രിഡിനായി ഇറങ്ങുമ്പോൾ ലോകകപ്പ് ടീമിൽ നിന്നും തന്നെ തഴഞ്ഞ ഫ്രാൻസ് പരിശീലകനോടുള്ള പ്രതികാരവും ബെൻസിമയുടെ മനസിലുണ്ടെന്നാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. റയൽ മാഡ്രിഡിനായി ഏറ്റവും മികച്ച പ്രകടനം നടത്തി തന്നെ ഒഴിവാക്കിയവർക്ക് മറുപടി നൽകുകയെന്ന ലക്ഷ്യമാണ് ഈ സീസണിൽ ബെൻസിമയെ നയിക്കുന്നത്.
❗️Karim Benzema is super motivated and ready to get his "revenge". He can't wait to play and score a lot of goals. @diarioas pic.twitter.com/7wUXgNAv7K
— Madrid Xtra (@MadridXtra) December 28, 2022
ബെൻസിമക്ക് പകരം ഇറങ്ങിയ ജിറൂദ് ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഫൈനലിൽ തീർത്തും നിശബ്ദനായിരുന്നു. ഗോൾസ്കോറർ എന്ന നിലയിൽ കളിക്കുന്ന ജിറൂദിനു പകരം ഗോളുകൾ അടിക്കാനും കളി മുഴുവൻ നിയന്ത്രിക്കാനും കഴിയുന്ന ബെൻസിമയെപ്പോലൊരു താരം ഉണ്ടായിരുന്നെങ്കിൽ ഫ്രാൻസിനെ എൺപതു മിനുട്ടോളം പൂട്ടിക്കെട്ടിയ അർജന്റീനയുടെ തന്ത്രങ്ങളെ നേരത്തെ തന്നെ പൊളിക്കാൻ കഴിയുമായിരുന്നു. അത്രയും മത്സരങ്ങളിൽ ദെഷാംപ്സ് വിശ്വസിച്ച ജിറൂദിനെ ആദ്യപകുതിയിൽ തന്നെ പിൻവലിക്കേണ്ടി വന്നത് ബെൻസിമയുടെ അഭാവത്തിനു അവർ നൽകേണ്ടി വന്ന വില വ്യക്തമാക്കുന്നു.
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് ബെൻസിമക്ക് ബാലൺ ഡി ഓർ നേടിക്കൊടുത്തത്. പരിചയസമ്പന്നരായ താരങ്ങളുടെ അഭാവമുണ്ടായിട്ടും ടീമിനെ കൃത്യമായി മുന്നോട്ടു കൊണ്ടു പോകാൻ ബെൻസിമയിലെ ലീഡറിന് കഴിഞ്ഞു. 46 മത്സരങ്ങളിൽ നിന്നും 44 ഗോളുകളാണ് താരം നേടിയത്. ഇതിനു പുറമെ ലാ ലിഗയും ചാമ്പ്യൻസ് ലീഗും നേടുന്നതിൽ നിർണായക പങ്കു വഹിക്കാനും മുപ്പത്തിയഞ്ചു വയസുള്ള താരത്തിന് കഴിഞ്ഞു.
Karim Benzema In Revenge Mode At Real Madrid And Eyes To Score Lot Of Goals