അപ്രതീക്ഷിത ട്രാൻസ്‌ഫർ സംഭവിച്ചേക്കും, പ്രീതം കോട്ടാലിനെ നൽകി ദീപക് ടാങ്കിരിയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്

ട്രാൻസ്‌ഫർ ജാലകം അവസാനിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഫ്രീ ഏജന്റായ താരങ്ങളെ അന്തിമസ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിനു മുൻപ് സ്വന്തമാക്കാൻ കഴിയുമെന്നതിനാൽ അതിനുള്ള നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ടെന്നാണ് ട്രാൻസ്‌ഫർ വിൻഡോ അവസാനിച്ചതിന് ശേഷമുള്ള റിപ്പോർട്ടുകൾ പറയുന്നത്.

ഇപ്പോൾ അതുമായി ബന്ധപ്പെട്ട പുതിയൊരു റിപ്പോർട്ട് കൂടി പുറത്തു വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരമായ പ്രീതം കോട്ടാലുമായുള്ള കരാർ ക്ലബ് റദ്ദ് ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മോഹൻ ബഗാനിലേക്ക് പോകാൻ താൽപര്യമുള്ള താരത്തെ അവർക്ക് വിട്ടു കൊടുക്കുന്നതിനു വേണ്ടിയാണ് കരാർ റദ്ദാക്കാൻ ഒരുങ്ങുന്നത്.

അതിനു പകരം മോഹൻ ബഗാന്റെ മികച്ചൊരു ഇന്ത്യൻ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാനും പോവുകയാണ്. ക്ലബിന്റെ മധ്യനിരയിൽ കളിക്കുന്ന ദീപക്ക് ടാങ്കിരി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രാൻസ്‌ഫർ വിൻഡോ അവസാനിച്ചതിനാൽ ദീപക്കും മോഹൻ ബഗാനുമായുള്ള കരാർ റദ്ദ് ചെയ്‌തു കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഈ ട്രാൻസ്‌ഫർ നടന്നാൽ അതൊരു ഗുണം തന്നെയാണ്. ജിക്‌സൻ സിങ് ക്ലബ് വിട്ടതിനാൽ ഡിഫെൻസിവ് മിഡ്‌ഫീൽഡ് പൊസിഷനിൽ മികച്ചൊരു കളിക്കാരനില്ലാത്ത കുറവ് ടീമിനുണ്ട്. അത് പരിഹരിക്കാൻ ദീപക്കിന് കഴിയും. കഴിഞ്ഞ സീസണിൽ മോഹൻ ബഗാന്റെ കിരീടനേട്ടത്തിൽ പ്രധാന പങ്കു വഹിച്ച താരമാണ് ദീപക്ക്.

നേരത്തെ തന്നെ ഈ ട്രാൻസ്‌ഫറിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നെങ്കിലും കൈമാറ്റത്തിന്റെ കാര്യത്തിൽ ക്ലബുകൾ തമ്മിൽ ധാരണയിൽ എത്തിയിരുന്നില്ല. എന്തായാലും ട്രാൻസ്‌ഫർ സാധ്യത ഉണ്ടെങ്കിൽ അത് ഇന്നത്തോടെ പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്. ഇന്നാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സ്‌ക്വാഡിനെ തീരുമാനിക്കാനുള്ള അവസാന ദിവസം.

Deepak TangriKerala BlastersMohun BaganPritam Kotal
Comments (0)
Add Comment