ട്രാൻസ്‌ഫർ വിൻഡോയിൽ വലിയൊരു ലൂപ്ഹോളുണ്ട്, ആരാധകരുടെ പ്രതീക്ഷ കാക്കുമോ കേരള ബ്ലാസ്റ്റേഴ്‌സ്

ട്രാൻസ്‌ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ ഒരു വിദേശസ്‌ട്രൈക്കറുടെ സൈനിങ്‌ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു എങ്കിലും ആരാധകർ പൂർണമായും തൃപ്‌തരല്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു ക്ലബുകളുമായി പോരാടാനുള്ള കരുത്ത് ഇപ്പോഴും ടീമിനുണ്ടോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഒരു വിദേശതാരത്തിന്റെ സൈനിങ്‌ കൂടി ആരാധകർ പ്രതീക്ഷിക്കുകയും ചെയ്‌തിരുന്നു.

ആരാധകരുടെ പ്രതീക്ഷ പൂർണമായും അവസാനിപ്പിക്കേണ്ടതില്ല എന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ട്രാൻസ്‌ഫർ വിൻഡോ അവസാനിച്ചെങ്കിലും അതിലെ ചില ലൂപ്‌ഹോളുകൾ ഉപയോഗിച്ച് താരങ്ങളെ സ്വന്തമാക്കാൻ കഴിയും. അത് ബ്ലാസ്റ്റേഴ്‌സ് ഉപയോഗിച്ചേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

ട്രാൻസ്‌ഫർ വിൻഡോ അവസാനിച്ചാൽ ക്ലബുകൾ തമ്മിൽ താരങ്ങളെ കൈമാറ്റം നടത്തുന്നതിനാണ് കഴിയാതിരിക്കുക. ഫ്രീ ഏജന്റായ താരങ്ങളെ അതിനു ശേഷവും സ്വന്തമാക്കാൻ കഴിയും. അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്‌സ് ഫ്രീ ഏജന്റായ വിദേശതാരങ്ങളെ സ്വന്തമാക്കാൻ ഇനിയും സാധ്യതയുണ്ടെന്ന് ക്ലബുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു.

എന്നാൽ ഏതെങ്കിലുമൊരു വിദേശതാരത്തെ ടീമിലേക്ക് എത്തിക്കണമെങ്കിൽ നിലവിൽ ടീമിനൊപ്പമുള്ള കളിക്കാരുടെ കരാർ റദ്ദാക്കേണ്ടതുണ്ട്. നിലവിലെ ടീമിൽ നിന്നും പുറത്തു പോകാൻ സാധ്യതയുള്ള താരങ്ങൾ പെപ്രയും സോട്ടിരിയോയുമാണ്. ഇതെല്ലാം കൃത്യമായി സംഭവിച്ചാൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സിനു പുതിയൊരു താരത്തെ എത്തിക്കാൻ കഴിയുകയുള്ളൂ.

അതിനു പുറമെ ഇന്ത്യൻ താരങ്ങളുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്‌സ് തീരുമാനത്തിൽ എത്തേണ്ടതുണ്ട്. പല പൊസിഷനിലേക്കും മികച്ച ഇന്ത്യൻ താരങ്ങളെ എത്തിച്ചാൽ മാത്രമേ കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷ ഉണ്ടാവുകയുള്ളൂ. അതല്ലെങ്കിൽ കിരീടങ്ങളൊന്നുമില്ലാത്ത മറ്റൊരു സീസണായി ഇതും അവസാനിക്കും.

KBFCKerala Blasters
Comments (0)
Add Comment