പുതിയ സീസൺ ആരംഭിക്കാൻ ഏതാനും ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ പുതിയൊരു സ്‌ട്രൈക്കറെ എത്തിച്ച് ടീമിനെ ശക്തമാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിരവധി താരങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ട്രാൻസ്‌ഫർ ഒന്നും പൂർത്തിയായിട്ടില്ല. ട്രാൻസ്‌ഫർ ജാലകം അടക്കാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ ഉടനെ സൈനിങ് പ്രതീക്ഷിക്കാവുന്നതാണ്.
നിരവധി വമ്പൻ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സുമായി ചേർത്തു പറഞ്ഞു കേട്ടിരുന്നു. മുൻ മാഞ്ചസ്റ്റർ സിറ്റി താരം സ്റ്റീവൻ ജോവറ്റിക്ക്, മുൻ അത്ലറ്റികോ മാഡ്രിഡ് താരം ലൂസിയാനോ വിയറ്റോ, മുൻ ബാഴ്‌സലോണ താരം സെർജിയോ അരഹോ എന്നിവരെല്ലാം അതിൽ ഉൾപ്പെടുന്നു. അക്കൂട്ടത്തിൽ ഏറ്റവും അവസാനത്തെ പേര് അർജന്റീന യുവതാരം ഫെലിപ്പെ പാസാദോർ ആണ്.
A player who was linked with AC Milan earlier this summer 👀 https://t.co/axKaIDqQXg
— Sandroo (@sandrofootball) August 28, 2024
ബ്ലാസ്റ്റേഴ്‌സ് അർജന്റീന താരവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ആ ട്രാൻസ്‌ഫർ യാഥാർഥ്യമായാൽ ഒരു ചെറിയ മീനല്ല ടീമിലേക്ക് എത്താൻ പോകുന്നത്. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നും ഇറ്റലിയിലെ വൻ ശക്തികളിൽ ഒന്നുമായ എസി മിലാൻ ലക്ഷ്യമിട്ട താരമാണ് പാസാദോർ.
പാസാദോറിനെ എസി മിലാൻ ലക്ഷ്യമിട്ടിരുന്നു എന്നതിന് താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലെ ചിത്രങ്ങൾ തന്നെയാണ് ഏറ്റവും വലിയ തെളിവ്. അതിനടിയിൽ നിരവധി എസി മിലാൻ ആരാധകരാണ് താരത്തെ ക്ലബ്ബിലേക്ക് ക്ഷണിച്ചു കൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് അഭ്യൂഹങ്ങൾ വന്നപ്പോൾ ആരാധകർ കേരളത്തിലേക്ക് ക്ഷണിച്ചും കമന്റുകൾ ചെയ്യുന്നുണ്ട്.
പാസാദോറിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സ്വന്തമാക്കാൻ കഴിഞ്ഞാൽ അതൊരു വലിയ നേട്ടമാകും. കഴിഞ്ഞ സീസണിൽ ബൊളീവിയൻ ലീഗിൽ ടോപ് സ്കോററായ താരം കരിയറിൽ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന സമയമാണിപ്പോൾ. അതുകൊണ്ടു തന്നെ താരമെത്തിയാൽ അത് ടീമിന്റെ കരുത്ത് ഇരട്ടിയാക്കും.