വരാനിരിക്കുന്നത് അർജന്റീന താരമാണെന്ന് സൂചനകൾ, രണ്ടു താരങ്ങളിൽ ആരാകുമെന്ന ആകാംക്ഷയിൽ ആരാധകർ

കേരള ബ്ലാസ്റ്റേഴ്‌സ് ഒരു സ്‌ട്രൈക്കർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി മുന്നോട്ടു പോവുകയാണ്. ട്രാൻസ്‌ഫർ ജാലകം അടക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ ഏതു നിമിഷവും പുതിയ സ്‌ട്രൈക്കറുടെ സൈനിങ്‌ പ്രഖ്യാപനം പ്രതീക്ഷിക്കാം. സൗത്ത് അമേരിക്കയിൽ നിന്നുള്ള താരമാണ് ബ്ലാസ്റ്റേഴ്‌സിൽ എത്താൻ പോകുന്നതെന്നാണ് സൂചനകൾ.

നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകളിലെ സൂചനകൾ രണ്ടു താരങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സൗത്ത് അമേരിക്കയിൽ നിന്നുള്ള ഒരു യുവതാരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ പോകുന്നതെന്ന് പറയപ്പെടുന്നു. ഇരുപത്തിനാലുകാരനായ ഫെലിപ്പെ പാസാദോർ ആണ് ആ താരമെന്നു ചില റിപ്പോർട്ടുകൾ പറയുന്നു. മെസിയുടെ ജന്മദേശമായ റൊസാരിയോയിൽ ജനിച്ച താരമാണ് പാസാദോർ.

2021ൽ അർജന്റൈൻ ക്ലബായ ബെൽഗ്രാനോയുടെ സീനിയർ ടീം അംഗമായിരുന്നെങ്കിലും അവർക്ക് വേണ്ടി ഒരു മത്സരം പോലും താരം കളിച്ചിട്ടില്ല. 2023ൽ ബൊളീവിയൻ ക്ലബായ സാൻ അന്റോണിയോ ബുലോ ബുലോയിലേക്ക് ചേക്കേറിയ താരം അവർക്കായി മിന്നും ഫോമിലാണ് കളിച്ചത്. 34 മത്സരങ്ങളിൽ നിന്നും 27 ഗോളുകൾ നേടിയ താരം നിലവിൽ ഫ്രീ ഏജന്റാണ്.

കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടു പറഞ്ഞു കേൾക്കുന്ന മറ്റൊരു പേര് ലൂസിയാനോ വിയറ്റയാണ്. യൂറോപ്പിലെ പ്രധാനപ്പെട്ട ക്ലബുകളായ അത്ലറ്റികോ മാഡ്രിഡ്, വിയ്യാറയൽ, സെവിയ്യ, വലൻസിയ, സ്പോർട്ടിങ് എന്നിവക്ക് വേണ്ടി കളിച്ചിട്ടുള്ള മുപ്പതുകാരനായ താരം നിലവിൽ സൗദി സൂപ്പർ ലീഗ് ക്ലബിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.

ഈ രണ്ടു താരങ്ങളിൽ ഒരാളെയാണ് അടുത്ത സൈനിങായി പ്രതീക്ഷിക്കാവുന്നത്. ഇതിൽ ഫോം പരിഗണിക്കുമ്പോൾ പാസാദോർ ആയിരിക്കും മികച്ച സൈനിങ്‌. കഴിഞ്ഞ സീസണിൽ ബൊളീവിയൻ ലീഗിൽ പതിനെട്ടു മത്സരങ്ങളിൽ പതിനെട്ടു ഗോളുകളിൽ പങ്കാളിയായ താരമാണ് പാസാദോർ. യുവതാരമായതിനാൽ ബ്ലാസ്റ്റേഴ്‌സിന് താരത്തെ കൂടുതൽ കാലം ഉപയോഗിക്കാനും കഴിയും.

ISLKerala Blasters
Comments (0)
Add Comment