കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന സൈനിങാണ് കഴിഞ്ഞ രണ്ടു സീസണുകളായി എഫ്‌സി ഗോവക്ക് വേണ്ടി കളിച്ചിരുന്ന മൊറോക്കൻ താരമായ നോഹ സദൂയിയുടേത്. കഴിഞ്ഞ സീസൺ അവസാനിക്കുന്നതിനു മുൻപേ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ജൂലൈ മാസം വരെ കാത്തിരിക്കേണ്ടി വന്നു.
കഴിഞ്ഞ രണ്ടു സീസണുകളിലും ഗംഭീര പ്രകടനം നടത്തിയ നോഹ സദോയി കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ ഇറങ്ങിയ ആദ്യത്തെ ഔദ്യോഗിക മത്സരത്തിൽ തനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയുണ്ടായി. ദിമിത്രിയോസിന്റെ പകരക്കാരനായി മികച്ചൊരു സ്‌ട്രൈക്കറെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന ആരാധകരുടെ ആശങ്ക താരം ഇന്നലത്തെ പ്രകടനം കൊണ്ടു പൂർണമായും പരിഹരിച്ചു.
🚨| Noah Sadaoui selected as Player Of The Match 🌟🇲🇦 #MCFCKBFC pic.twitter.com/So96kEanDV
— KBFC XTRA (@kbfcxtra) August 1, 2024
ഇന്നലെ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ ആദ്യത്തെ ഔദ്യോഗിക മത്സരത്തിനായി ഇറങ്ങിയ നോഹ സദോയി മൂന്ന് ഗോളുകളാണ് നേടിയത്. അതിനു പുറമെ ടീമിന്റെ ആക്രമണങ്ങളിൽ വളരെ വലിയ പങ്കു വഹിക്കാൻ മൊറോക്കൻ താരത്തിന് കഴിഞ്ഞു. ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അഞ്ചു ഗോളുകളെങ്കിലും നോഹയുടെ പേരിൽ ഉണ്ടായേനെ.
കഴിഞ്ഞ സീസണിൽ ഗോവക്ക് വേണ്ടി പതിനൊന്നു ഗോളുകളും അഞ്ച് അസിസ്റ്റുകളും ഐഎസ്എല്ലിൽ നേടിയ താരമാണ് നോഹ. അതിനു മുൻപത്തെ സീസണിൽ ഒൻപത് ഗോളുകളും ഒൻപത് അസിസ്റ്റുകളുമായിരുന്നു താരത്തിന്റെ സമ്പാദ്യം. ഗോളടിപ്പിക്കാനും കളി മെനയാനും കഴിവുള്ള ഒരു താരത്തെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിലേക്കായി ടീമിലെത്തിച്ചിരിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ അരങ്ങേറ്റം കുറിച്ച ആദ്യത്തെ മത്സരത്തിൽ തന്നെ നേടിയ ഹാട്രിക്ക് നേട്ടം ആരാധകർ ഒരു ശുഭസൂചനയായാണ് കാണുന്നത്. അതിനു പുറമെ മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുത്തതും നോഹയെ തന്നെയായിരുന്നു. ഇനിയുമേറെ ഗോളുകളും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളും താരത്തെ തേടി വരട്ടെയെന്നാണ് ആരാധകർ പറയുന്നത്.