സ്വന്തമായി ട്രെയിനിങ് മൈതാനമൊരുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്, പുതിയ സ്റ്റേഡിയവും ഉണ്ടാക്കണമെന്ന് ആരാധകർ

പുതിയ സീസണിന് മുന്നോടിയായി ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. തായ്‌ലൻഡിലെ പ്രീ സീസൺ ക്യാമ്പും മത്സരങ്ങളും കഴിഞ്ഞതിനു ശേഷം ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കുന്നതിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് നേരെ കൊൽക്കത്തയിലേക്ക് എത്തുകയായിരുന്നു. ടൂർണമെന്റിൽ ടീമിന്റെ രണ്ടു മത്സരങ്ങളും പൂർത്തിയായി.

അതിനിടയിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ഒരു പ്രധാന വാർത്ത വരുന്നത് അവർ പരിശീലനം നടത്തുന്ന മൈതാനം മാറാൻ പോകുന്നുവെന്നതാണ്. ഇതുവരെ പനമ്പിള്ളി നഗറിലുള്ള മൈതാനത്താണ് ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തിയിരുന്നത്. എന്നാൽ അവിടെ നിന്നും സ്വന്തമായ ഒരു പരിശീലനമൈതാനം ഉണ്ടാക്കി മാറാനാണ് ക്ലബ് തയ്യാറെടുക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം കൊച്ചിയിൽ തന്നെ ക്ലബിനു സ്വന്തമായി ഒരു പരിശീലനസൗകര്യം ഉണ്ടാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചിട്ടുണ്ട്. സെപ്‌തംബറിൽ അത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ സ്വന്തമായി പരിശീലനസൗകര്യമുള്ള ഐഎസ്എൽ ക്ലബെന്ന വലിയ നേട്ടത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സും എത്താൻ പോവുകയാണ്.

സൂപ്പർ ലീഗ് കേരള ആരംഭിക്കുന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സൗകര്യത്തിലേക്ക് മാറാനുള്ള പ്രധാന കാരണം. സൂപ്പർ ലീഗ് കേരളയിൽ കളിക്കുന്ന കൊച്ചിയിൽ നിന്നും തൃശൂരിൽ നിന്നുമുള്ള ക്ലബുകൾ പരിശീലനം നടത്തുക പനമ്പിള്ളി നഗറിലെ മൈതാനത്താണ്. ഇതാണ് പുതിയ സൗകര്യം ബ്ലാസ്റ്റേഴ്‌സ് പെട്ടന്ന് ഉണ്ടാക്കാനുള്ള പ്രധാന കാരണം .

എന്തായാലും ആരാധകർ ഇതിനെ പോസിറ്റിവായാണ് കാണുന്നത്. പരിശീലനസൗകര്യത്തിനു പുറമെ ഒരു സ്റ്റേഡിയം ഉണ്ടാക്കാനുള്ള പദ്ധതിയും വേണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. ഫുട്ബോളിന് മാത്രമായുള്ള ഒരു സ്റ്റേഡിയം വേണമെന്ന ആവശ്യം വളരെക്കാലമായി ആരാധകർ ഉയർത്തുന്നുണ്ട് .

KBFCKerala Blasters
Comments (0)
Add Comment