പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിനു ടീമിലെത്തിക്കേണ്ട വിദേശ താരങ്ങളിൽ ഒരു സെന്റർ ബാക്ക് നിർബന്ധമാണ്. മൂന്നു സീസണുകളായി ടീമിനൊപ്പമുണ്ടായിരുന്ന ക്രൊയേഷ്യൻ താരം മാർകോ ലെസ്‌കോവിച്ച് കഴിഞ്ഞ സീസൺ അവസാനിച്ചതിനു പിന്നാലെ ക്ലബ് വിട്ടതിനാലാണ് ഒരു വിദേശ സെന്റർ ബാക്കിനെ ബ്ലാസ്റ്റേഴ്‌സിന് അത്യാവശ്യമായത്.
പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഒരു പ്രതിരോധതാരത്തെ നോട്ടമിട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌പാനിഷ് ക്ലബായ ടെനറിഫെയുമായി ബന്ധപ്പെട്ട ഉറവിടങ്ങളിൽ നിന്നുമാണ് അവരുടെ പ്രതിരോധതാരത്തിൽ ബ്ലാസ്റ്റേഴ്‌സിന് താൽപര്യമുണ്ടെന്ന അഭ്യൂഹങ്ങൾ പുറത്തു വരുന്നത്.
Kerala Blasters are interested in signing defender Nikola Sipcic according to @TeteForever1922
Mumbai City also interested in him#KBFC #KeralaBlasters pic.twitter.com/G2IoAtugRe— KBFC TV (@KbfcTv2023) June 18, 2024
സ്പെയിനിലെ സെഗുണ്ട ഡിവിഷനിൽ കളിക്കുന്ന ടെനറിഫെയുറെ ഇരുപത്തിയൊൻപതുകാരനായ പ്രതിരോധതാരം നിക്കോളോ സിപ്‌സിച്ചിനെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്നത്. മോണ്ടിനെഗ്രോ സ്വദേശിയാണ് സിപ്‌സിച്ച്. കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്ന ഡിഫെൻഡറായ മീലൊസ് ഡ്രിൻസിച്ചും മോണ്ടിനെഗ്രോയിൽ നിന്നുമാണ്.
സിപ്‌സിച്ചിനായി ഐഎസ്എല്ലിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല രംഗത്തു വന്നിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എൽ ജേതാക്കളായ മുംബൈ സിറ്റിയും താരത്തിന് വേണ്ടി ശ്രമം നടത്തുന്നുണ്ട്. എന്നാൽ മോണ്ടിനെഗ്രോയിൽ നിന്നുള്ള മിലോസിന്റെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്‌സിൽ ഉള്ളതിനാൽ സിപ്‌സിച്ചിനെ സ്വന്തമാക്കാമെന്ന കൊമ്പന്മാരുടെ പ്രതീക്ഷ കൂടുതലാണ്.
സെർബിയൻ ക്ലബായ എഫ്എപിയിലൂടെ കരിയർ ആരംഭിച്ച സിപ്‌സിച്ച് 2019 മുതൽ ടെനറിഫെയുടെ താരമാണ്. അവർക്ക് വേണ്ടി നൂറിലധികം മത്സരങ്ങൾ കളിച്ച താരം മോണ്ടിനെഗ്രോ ദേശീയ ടീമിന് വേണ്ടിയും ഇറങ്ങിയിട്ടുണ്ട്. 2022ൽ അരങ്ങേറ്റം നടത്തിയ താരം ആറു മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. സിപ്‌സിച്ചിനെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് ബ്ലാസ്റ്റേഴ്‌സിനു നേട്ടം തന്നെയായിരിക്കും.