ഇനിയൊരിക്കലും ഇങ്ങിനെ സംഭവിക്കില്ല, ബ്ലാസ്റ്റേഴ്‌സ് വരുത്തിയ വലിയ പിഴവിനെക്കുറിച്ച് മൈക്കൽ സ്റ്റാറെ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിലെ ആദ്യത്തെ മത്സരം തന്നെ കേരള ബ്ലാസ്റ്റേഴ്‌സിനു വലിയ നിരാശയാണ് സമ്മാനിച്ചത്. കൊച്ചിയിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. മത്‌സരം എൺപത്തിയഞ്ചു മിനുട്ട് പിന്നിട്ടപ്പോഴാണ് മൂന്നു ഗോളുകളും പിറന്നത്. പഞ്ചാബിന്റെ രണ്ടു ഗോളുകളും കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം സമ്മാനിച്ചതായിരുന്നു.

മത്സരത്തിന്റെ എണ്പത്തിയാറാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് പഞ്ചാബ് ആദ്യഗോൾ നേടുന്നത്. അതിനു ശേഷം പുതിയതായി ടീമിലെത്തിയ ജീസസ് ജിമിനസ് തൊണ്ണൂറാം മിനുട്ടിൽ മികച്ചൊരു ഹെഡറിലൂടെ സമനില ഗോൾ കണ്ടെത്തിയെങ്കിലും ആ സന്തോഷം അധികനേരം നീണ്ടു നിന്നില്ല. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ നോക്കുകുത്തിയാക്കി പഞ്ചാബ് വിജയഗോൾ നേടി.

“ഞങ്ങൾ ചില മാറ്റങ്ങൾ വരുത്തുകയും 3-5-2 ഫോർമേഷനിൽ കളിച്ച് ഒരു ഗോൾ നേടുകയും ചെയ്‌തു. മികച്ചൊരു ക്രോസിൽ നിന്നും നല്ലൊരു ഗോളാണ് ഞങ്ങൾ സ്വന്തമാക്കിയത്. തന്ത്രങ്ങൾ മാറ്റി വിജയിക്കാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തിയതെങ്കിലും അപ്രതീക്ഷിതമായി ഗോളുകൾ വഴങ്ങേണ്ടി വന്നു. ഇനിയൊരിക്കലും ഇതുപോലെ ഗോളുകൾ വഴങ്ങില്ല.” മത്സരത്തിന് ശേഷം പരിശീലകൻ പറഞ്ഞു.

മത്സരത്തിന്റെ ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വളരെ മോശമായിരുന്നു. പഞ്ചാബ് ബോക്‌സിന്റെ ഉള്ളിൽ വെച്ച് പന്തൊന്നു ടച്ച് ചെയ്യാൻ പോലും ടീമിന് കഴിഞ്ഞിരുന്നില്ല. രണ്ടാം പകുതിയിൽ വിബിൻ മോഹനനും ജീസസ് ജിമിനസും കളത്തിലിറങ്ങിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങൾക്ക് ജീവൻ വെച്ചത്. നോഹ സദോയിയും മികച്ച പ്രകടനം നടത്തി.

എന്തായാലും ഇന്നലത്തെ മത്സരത്തിൽ പഞ്ചാബ് എഫ്‌സിക്കായിരുന്നു ആധിപത്യം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അനാവശ്യമായി ഗോളുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് തോൽവിയെ ക്ഷണിച്ചു വരുത്തുകയും ചെയ്‌തു. മധ്യനിരയെ ക്രിയാത്മകമാക്കാൻ കഴിയുന്ന അഡ്രിയാൻ ലൂണ തിരിച്ചു വന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിൽ മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ISLKerala Blasters
Comments (0)
Add Comment