ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്ന പ്രഖ്യാപനം ഇന്നുണ്ടായേക്കും, വലിയ സൂചന നൽകി മൊറോക്കൻ താരം

ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി മൈക്കൽ സ്റ്റാറെ സ്ഥാനമേറ്റെടുത്തതിന് ശേഷം ആരാധകർ കാത്തിരുന്നത് പുതിയ താരങ്ങൾക്ക് വേണ്ടിയാണ്. ഇന്ത്യൻ താരങ്ങൾ ഏതാനും പേരുടെ സൈനിങ്‌ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ അടുത്ത സീസണിലേക്കുള്ള ഒരു വിദേശതാരത്തിന്റെ സൈനിങ്‌ പോലും ക്ലബ് പ്രഖ്യാപനം നടത്തിയിട്ടില്ല.

കഴിഞ്ഞ സീസണിന്റെ അവസാനം തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്ന് ഉറപ്പിച്ച താരമാണ് എഫ്‌സി ഗോവയുടെ നോഹ സദൂയി. താരവുമായി ബ്ലാസ്റ്റേഴ്‌സ് കരാറിൽ എത്തിയെങ്കിലും ഇതുവരെ അതേക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രാൻസ്‌ഫർ പ്രഖ്യാപനവും മൊറോക്കൻ താരത്തിന്റേതു തന്നെയാണ്.

എന്തായാലും ആരാധകരുടെ കാത്തിരിപ്പ് ഉടനെ അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലഭിക്കുന്ന സൂചനകൾ പ്രകാരം നോഹ സദൂയിയുടെ ട്രാൻസ്‌ഫർ ഇന്നോ അല്ലെങ്കിൽ അടുത്ത ദിവസങ്ങളിലോ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം നോഹ സദൂയി തന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ട സ്റ്റോറിയും അതിന്റെ കൃത്യമായ സൂചനകൾ നൽകുന്നതാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ക്യാമ്പ് ഏതാനും ദിവസങ്ങളുടെ ഉള്ളിൽ ആരംഭിക്കാനിരിക്കുകയാണ്. തായ്‌ലൻഡിൽ വെച്ച് നടക്കുന്ന ക്യാംപിനു മുന്നോടിയായി നോഹ സദൂയിയുടെ ട്രാൻസ്‌ഫർ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിൽ ഐഎസ്എല്ലിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരത്തിന്റെ വരവിനായി ആരാധകർ കാത്തിരിക്കുകയാണ്.

നോഹ സദൂയി എത്തിയാൽ വിദേശതാരങ്ങളുടെ കാര്യത്തിൽ ഏറെക്കുറെ തീരുമാനമാകും. മിലോസ് ഡ്രിൻസിച്ച്, പെപ്ര എന്നിവർ ടീമിനൊപ്പം തുടരുമോയെന്നാണ് ഇനി അറിയാനുള്ളത്. അവർ തുടരുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശതാരത്തെക്കൂടി സ്വന്തമാക്കിയാൽ മതിയാകും. അതൊരു ഡിഫൻഡർ ആയിരിക്കാനാണ് സാധ്യത.

KBFCKerala BlastersNoah Sadaoui
Comments (0)
Add Comment