ഫെഡോറിനു ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നു, താരത്തിന്റെ കരാർ പുതുക്കാതിരിക്കാനുള്ള കാരണമിതാണ്

കേരള ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ച സ്‌ട്രൈക്കറെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. നേരത്തെ ഉണ്ടായിരുന്ന പദ്ധതികളിൽ പലതിലും മാറ്റം വന്നതാണ് ഒരു സ്‌ട്രൈക്കറെ കണ്ടെത്താൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നതിനുള്ള പ്രധാന കാരണം. വരുന്ന ദിവസങ്ങളിൽ തന്നെ ഒരു വിദേശ സ്‌ട്രൈക്കറുടെ സൈനിങ്‌ ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കും എന്നാണു പ്രതീക്ഷിക്കുന്നത്.

അതിനിടയിൽ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കഴിഞ്ഞ സീസണിൽ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റപ്പോൾ പകരക്കാരനായി എത്തിയ ഫെഡോർ ചെർണിച്ചിന് ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നു എന്നാണ്. എന്നാൽ പരിശീലകൻ മൈക്കൽ സ്റ്റാറെ ടീമിലെത്തിയപ്പോൾ ആദ്യം തയ്യാറാക്കിയ പദ്ധതികൾ താരത്തിന്റെ ആഗ്രഹത്തിന് തടസം നിൽക്കുകയായിരുന്നു.

നോഹ സദൂയി ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നതിനാൽ നമ്പർ 10 ആയും വിങ്ങറായും കളിക്കാൻ കഴിയുന്ന മറ്റൊരു താരത്തെ വേണ്ടെന്ന് സ്റ്റാറെ തീരുമാനിച്ചതാണ് ഫെഡോറിന്റെ ആഗ്രഹത്തിന് തടസമായത്. പെപ്രയെ ലോണിൽ വിടാനും ഒരു വേഗതയുള്ള വിങ്ങർ എന്ന നിലയിൽ ജോഷുവ സോട്ടിരിയോയെ ടീമിൽ നിലനിർത്താനുമാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചിരുന്നത്.

എന്നാൽ പെപ്രയുടെ മികച്ച ഫോമും സോട്ടിരിയോ വീണ്ടും പരിക്കേറ്റു പുറത്തു പോയതും കാര്യങ്ങൾ മാറ്റി മറിച്ചു. ഇപ്പോൾ ഒരു നമ്പർ 9 താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് തേടി നടക്കുന്നതിനു ഈ സാഹചര്യങ്ങൾ കാരണമായിട്ടുണ്ട്. നേരത്തെ ഇതേ സാഹചര്യങ്ങൾ ഉണ്ടായിയെങ്കിൽ ലിത്വാനിയൻ നായകനായ ഫെഡോർ കേരള ബ്ലാസ്റ്റേഴ്‌സിൽ തുടർന്നേനെ.

കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതി മാത്രമാണ് ഫെഡോർ ടീമിനൊപ്പം കളിച്ചിട്ടുള്ളത്. ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ വൈകിയത് താരത്തെ ബാധിച്ചുവെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താൻ ഫെഡോറിനു കഴിഞ്ഞിരുന്നു. നിലവിൽ ഒരു ലിത്വാനിയൻ ക്ലബിലാണ് ഫെഡോർ ചെർണിച്ച് കളിക്കുന്നത്.

Fedor CernychKerala Blasters
Comments (0)
Add Comment