ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാനത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വൈകുന്നേരം ഇറങ്ങുകയാണ്. ഹൈദെരാബാദിനെതിരായ മത്സരത്തിന് ശേഷം പ്ലേ ഓഫ് മത്സരത്തിനുള്ള തയ്യാറെടുപ്പ് ബ്ലാസ്റ്റേഴ്‌സ് ആരംഭിക്കും. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സിന് നിലവിലുള്ള സ്ഥാനം മെച്ചപ്പെടുത്താൻ അവസരമില്ലാത്തതിനാൽ തന്നെ ഇന്നത്തെ മത്സരം അത്ര പ്രസക്തമല്ല.
എന്നാൽ ഇന്നത്തെ മത്സരം മറ്റൊരു തരത്തിൽ വളരെ പ്രസക്തമാണ്. ഇന്നത്തെ മത്സരത്തിൽ ചുവടൊന്നു പിഴച്ചാൽ നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പ്ലേ ഓഫ് കളിക്കാൻ കഴിയില്ല. ഇതുവരെ വാങ്ങിക്കൂട്ടിയ മഞ്ഞക്കാർഡുകൾ കാരണമാണ് ഈ താരങ്ങൾക്ക് മത്സരം നഷ്‌ടമാകുന്നത്. നാല് താരങ്ങളാണ് ഒരു മഞ്ഞക്കാർഡ് കൂടി ലഭിച്ചാൽ സസ്‌പെൻഷൻ എന്ന നിലയിൽ നിൽക്കുന്നത്.
🚨| Adrian Luna, Mohammed Azhar, Pritam Kotal & Sandeep Singh are one yellow away from getting suspension. #KBFC pic.twitter.com/Fy0Rfgu98j
— KBFC XTRA (@kbfcxtra) April 11, 2024
ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ സ്ഥിരമായി ഇറങ്ങാറുള്ള പ്രീതം കോട്ടാൽ, മലയാളി താരം മൊഹമ്മദ് അസ്ഹർ, ഫുൾ ബാക്കായ സന്ദീപ് സിങ് എന്നിവർക്ക് പുറമെ ടീമിന്റെ നായകനായ അഡ്രിയാൻ ലൂണയും സസ്പെൻഷന് ഒരു മഞ്ഞക്കാർഡ് മാത്രം അകലെയാണ്. ഇവരിൽ ആർക്ക് സസ്‌പെൻഷൻ ലഭിച്ചാലും അത് ടീമിന് തിരിച്ചടി നൽകുമെന്നതിൽ സംശയമില്ല.
അഡ്രിയാൻ ലൂണ നാളത്തെ മത്സരത്തിൽ കളിച്ചാലും ഏതാനും മിനുട്ടുകൾ മാത്രമേ ഇറങ്ങാൻ സാധ്യതയുള്ളൂവെന്ന് പരിശീലകൻ വ്യക്തമാക്കിയിരുന്നു. അതിനു പുറമെ പല താരങ്ങൾക്കും ഇവാൻ വിശ്രമം നൽകുന്നുണ്ട്. സസ്‌പെൻഷൻ ഭീഷണിയിൽ നിൽക്കുന്ന താരങ്ങളെ പുറത്തിരുത്തുകയോ കുറച്ച് മിനുട്ടുകൾ മാത്രം നൽകുകയോ ചെയ്യാനാവും ഇവാൻ ഉദ്ദേശിക്കുന്നത്.
ഈ സീസണിൽ ഏറ്റവും മോശം ഫോമിൽ കളിക്കുന്ന ടീമാണ് ഹൈദരാബാദ് എഫ്‌സി. സാമ്പത്തിക പ്രതിസന്ധി കാരണം താരങ്ങൾ ക്ലബ് വിട്ടത് അവരുടെ പ്രകടനത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. പ്രധാന താരങ്ങൾ ഇല്ലാതെ അവർക്കെതിരെ വിജയം നേടാൻ കഴിഞ്ഞാൽ അത് ടീമിലെ താരങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം വരാൻ സഹായിക്കുമെന്നതിൽ സംശയമില്ല.
Kerala Blasters 4 Players Risking Suspension