കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകപ്പടയുടെ ശക്തിയെക്കുറിച്ച് കൂടുതൽ പറയേണ്ട കാര്യമില്ല. ഐഎസ്എൽ തുടങ്ങി ആദ്യത്തെ സീസൺ മുതൽ തന്നെ കൊച്ചി സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഓരോ സീസൺ കഴിയുന്തോറും കൂടുതൽ ആരാധകപിന്തുണ അവർക്ക് ലഭിച്ചു. ഇപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും സംഘടിതമായ ഫാൻ ബേസായി ബ്ലാസ്റ്റേഴ്‌സ് മാറിയിരിക്കുന്നു.
ഫുട്ബോൾ ക്ലബുകളുടെ കാര്യമെടുത്താൽ ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് കരുത്തു കാണിക്കാറുണ്ടെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. ഇതിനു മുൻപ് നിരവധി മാസങ്ങളിൽ ഏഷ്യയിലെ ഫുട്ബോൾ ക്ലബുകളിലെ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസിന്റെ കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന അൽ നസ്ർ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ വന്നിട്ടുള്ളത്.
Pure love for 🟡🔵 https://t.co/P7GOdeuEeV
— Kerala Blasters FC (@KeralaBlasters) January 19, 2024
ഇപ്പോൾ മറ്റൊരു നേട്ടം കൂടി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് കഴിഞ്ഞ മാസം ഏഷ്യയിൽ ഏറ്റവുമധികം ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസ് നടന്ന സ്പോർട്ട്സ് ക്ലബുകളുടെ ലിസ്റ്റിൽ കൊമ്പന്മാരുണ്ടെന്നതാണ്. ഐപിഎൽ ക്ലബുകൾ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന അഞ്ചു ക്ലബുകളുടെ ലിസ്റ്റിൽ ഫുട്ബോൾ ക്ലബുകളായി അൽ നസ്‌റും കേരള ബ്ലാസ്റ്റേഴ്‌സും മാത്രമേയുള്ളൂവെന്നതാണ് പ്രത്യേകത.
92.8 മില്യൺ ഇന്ററാക്ഷനുമായി റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് അൽ നസ്ർ. 91 മില്യൺ ഇന്ററാക്ഷനാണ് അവിടെ നടന്നിരിക്കുന്നത്. 67 മില്യണിലധികം ഇന്ററാക്ഷനുമായി ചെന്നൈ സൂപ്പർ കിംഗ് മൂന്നാം സ്ഥാനത്തും 45 മില്യണിലധികമായി മുംബൈ ഇന്ത്യൻ നാലാമതും നിൽക്കുന്ന ലിസ്റ്റിൽ 26 മില്യണിലധികമുള്ള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തു നിൽക്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയിൽ ക്രിക്കറ്റിനുള്ള സ്വാധീനമാണ് അവർക്ക് ലിസ്റ്റിൽ ആധിപത്യമുണ്ടാക്കാൻ സഹായിച്ചിരിക്കുന്നത്. റൊണാൾഡോയുടെ സാന്നിധ്യം അൽ നസ്‌റിനെയും ഉയരങ്ങളിൽ എത്തിക്കുന്നു. അതേസമയം കേരളം പോലെയൊരു കൊച്ചു സംസ്ഥാനത്ത് കളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഈ ലിസ്റ്റിൽ വരികയെന്നത് വലിയൊരു നേട്ടം തന്നെയാണ്.
Kerala Blasters 5th In Most Popular Sports Teams In Asia