ഒടുവിൽ ട്രാൻസ്‌ഫർ പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്, നിരാശയടക്കാൻ കഴിയാതെ ആരാധകർ | Kerala Blasters

ട്രാൻസ്‌ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന ഇടപെടലുകളൊന്നും ആരാധകർക്ക് തൃപ്‌തി നൽകുന്ന ഒന്നല്ല. നിരവധി വർഷങ്ങളായി ഒരു കിരീടം പോലുമില്ലാതെ നിൽക്കുന്ന ടീം അടുത്ത സീസണിൽ അതിനുള്ള ഒരുക്കങ്ങൾ കൃത്യമായി നടത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ നിലവിൽ ടീമിലുള്ള പ്രധാന താരങ്ങളെ വിറ്റഴിക്കുന്ന നിരാശപ്പെടുത്തുന്ന സമീപനമാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിൽ നിന്നുമുണ്ടാകുന്നത്.

മറ്റൊരു താരം കൂടി ക്ലബ് വിട്ട വിവരം കുറച്ചു സമയം മുൻപ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. ടീമിന്റെ പ്രധാനതാരവും ഗോൾകീപ്പറുമായ പ്രഭസുഖാൻ ഗില്ലാണ് ബ്ലാസ്റ്റേഴ്‌സ് വിടുന്നത്. ഈസ്റ്റ് ബംഗാളിലേക്കാണ് താരം ചേക്കേറുന്നത്. ഗിൽ ക്ലബ് വിടുന്നതോടെ അടുത്ത സീസണിൽ ഒരു സുപ്രധാന പൊസിഷനിലേക്ക് മറ്റൊരു താരത്തെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തണം.

റിപ്പോർട്ടുകൾ പ്രകാരം വമ്പൻ തുകയാണ് ഗില്ലിനായി ഈസ്റ്റ് ബംഗാൾ മുടക്കിയിരിക്കുന്നത്. ഒന്നരക്കോടിയാണ് താരത്തിന്റെ ട്രാൻസ്‌ഫർ ഫീസായി ലഭിക്കുക. ഇന്ത്യൻ സൂപ്പർലീഗ് ചരിത്രത്തിൽ തന്നെ ഒരു ഗോൾകീപ്പർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഗില്ലിന്റെ സഹോദരനേയും ഈസ്റ്റ് ബംഗാൾ ഇതിനൊപ്പം സ്വന്തമാക്കിയെന്നു റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ സീസണിൽ മത്സരത്തിനിടെ കളിക്കളം വിട്ടതിനു നടപടിയായി ലഭിച്ച പിഴശിക്ഷ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ വളരെയധികം ബാധിച്ചിട്ടുണ്ട്. പ്രധാനതാരങ്ങളെ ഒഴിവാക്കുന്നതിന് അതൊരു കാരണമായിട്ടുണ്ടെന്നു വേണം കരുതാൻ. എന്നാൽ അടുത്ത സീസണിൽ കിരീടത്തിനായി പൊരുതുമെന്നു പ്രതീക്ഷിച്ച ടീം താരങ്ങളെ ഒഴിവാക്കുന്നത് ആരാധകരെ വളരെയധികം നിരാശരാക്കുന്നുണ്ട്.

Kerala Blasters Announce Prabhsukhan Gill Exit

East BengalISLKerala BlastersPrabhsukhan Gill
Comments (0)
Add Comment