താങ്ങാനാകാത്ത ഹൃദയഭാരത്തോടെ വിടപറയുന്നു, സഹലിന്റെ ട്രാൻസ്‌ഫർ സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Sahal

നിരവധി വർഷങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള മലയാളി താരം സഹൽ അബ്‌ദുൾ സമദ് ക്ലബ് വിടുകയാണെന്ന കാര്യം സ്ഥിരീകരിച്ചു. അൽപ്പസമയം മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മലയാളികളുടെ പ്രിയതാരമായ സഹൽ ക്ലബ് വിടുകയാണെന്ന് അറിയിച്ചത്. ക്ലബിനു വേണ്ടി ഇത്രയും കാലം നടത്തിയ പ്രകടനത്തിന് ബ്ലാസ്റ്റേഴ്‌സ് പോസ്റ്ററിലൂടെ നന്ദി പറയുന്നു.

സഹലിന്റെ ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയെന്നും ഒരു താരത്തെയും നിശ്ചിത തുകയും പകരം ലഭിക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് പോസ്റ്ററിലൂടെ അറിയിക്കുന്നു. താങ്ങാനാവാത്ത ഹൃദയഭാരം പേറിയാണ് സഹലിനോട് വിടപറയുന്നതെന്നും താരത്തിന്റെ പുതിയ യാത്രക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നുവെന്നും കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഇതോടെ അടുത്ത സീസണിൽ സഹൽ ടീമിലുണ്ടാകില്ലെന്ന് വ്യക്തമാണ്.

സഹൽ ഏതു ക്ലബിലേക്കാണ് ചേക്കേറുകയെന്ന് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കിയിട്ടില്ലെങ്കിലും റിപ്പോർട്ടുകൾ പ്രകാരം താരം കളിക്കുക മോഹൻ ബഗാനിലാണ്. കൊൽക്കത്ത ക്ലബാണ് താരത്തെ സ്വന്തമാക്കാനുള്ള കരാറിൽ ഒപ്പു വെച്ചിരിക്കുന്നത്. അതിനു പകരം പ്രതിരോധതാരമായ പ്രീതം കോട്ടാലിനെയും നിശ്ചിത തുകയും ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും. ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും ഉയർന്ന ട്രാൻസ്‌ഫർ കരാറാണ് ഇതെന്നാണ് സൂചനകൾ.

ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് എഐഎഫ്എഫ് നൽകിയ പിഴയാണ് അവർക്ക് വലിയ തിരിച്ചടി നൽകിയത്. അതിന്റെ ഭാഗമായാണ് അവർക്ക് താരങ്ങളിൽ പലരെയും ഒഴിവാക്കേണ്ടി വന്നതെന്ന് വ്യക്തമാണ്. അതേസമയം ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ ഒരു വിഭാഗത്തിനു സഹൽ ക്ലബ് വിട്ടതിനോട് അനുകൂല നിലപാടാണ്. താരം കൂടുതൽ മെച്ചപ്പെടാൻ അത് സഹായിക്കുമെന്നാണ് അവർ വിശ്വസിക്കുന്നത്.

Kerala Blasters Announce Sahal Abdul Samad Exit

Indian Super LeagueISLKerala BlastersSahal Abdul Samad
Comments (0)
Add Comment