ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ഇന്ന് പത്രക്കുറിപ്പ് വഴിയും സോഷ്യൽ മീഡിയ വഴിയുമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ നായകനുമായ സഞ്ജു സാംസൺ കളിക്കളത്തിലും പുറത്തും കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ച് ഉണ്ടാകുമെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു.
ദേശീയ തലത്തിൽ തന്നെ ഒരു കേരളത്തിന്റെ പ്രതീകമായി മാറിയ താരമാണ് സഞ്ജു സാംസണെന്നാണ് കേരളം ബ്ലാസ്റ്റേഴ്സ് മേധാവി പ്രഖ്യാപനത്തിനു ശേഷം പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് താരത്തെ സ്വാഗതം ചെയ്യുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നു പറഞ്ഞ അദ്ദേഹം കേരളത്തിലെ ജനങ്ങളെ കായികമേഖലയുമായി ബന്ധപ്പെട്ടു സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുകയെന്ന പൊതുവായ താൽപര്യത്തിനൊപ്പം സഞ്ജുവും ഉണ്ടാകുമെന്നും വ്യക്തമാക്കി.
തന്റെ അച്ഛൻ ഒരു പ്രൊഫെഷണൽ ഫുട്ബോൾ താരമായതിനാൽ തന്നെ ഫുട്ബോൾ തന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒന്നാണെന്നാണ് ഇതേക്കുറിച്ച് സഞ്ജു സാംസൺ വെളിപ്പെടുത്തിയത്. ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്ന തനിക്ക് കേരള ബ്ലാസ്റ്റേഴ്സ് പോലെയൊരു ക്ലബിന്റെ അംബാസിഡർ സ്ഥാനം നൽകുന്നത് ഒരു ആദരവാണെന്നും താരം വ്യക്തമാക്കി. ക്ലബ് ഈ നിലയിലെത്താൻ നടത്തിയ പരിശ്രമങ്ങളെ താരം പ്രശംസിക്കുകയും ചെയ്തു.
This one's for you, Yellow Army! 💛
— Kerala Blasters FC (@KeralaBlasters) February 6, 2023
Let's hear from @IamSanjuSamson himself as he shares his excitement on joining the Blasters family! 🙌🏻
Get your tickets for the Southern Rivalry ➡️ https://t.co/TILMZnc0vd#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/n7sZ8k2iRO
സച്ചിൻ ഉടമയായി ആരംഭിച്ചതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ക്രിക്കറ്റ് ആരാധകരെ വലിയ തോതിൽ ഫുട്ബോളിലേക്ക് ആകർഷിച്ചിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ഇപ്പോൾ സഞ്ജു സാംസൺ കൂടിയെത്തുന്നതോടെ കൂടുതൽ ക്രിക്കറ്റ് ആരാധകർക്ക് ഫുട്ബോളിനോട് താൽപര്യം തോന്നുമെന്നുറപ്പാണ്. ഇപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സിനുള്ള വലിയ തോതിലുള്ള പിന്തുണ ഇതോടെ വർധിക്കുമെന്ന് കാര്യത്തിലും സംശയമില്ല.