ഈ സീസൺ ആരംഭിക്കുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ടീമിനെക്കുറിച്ച് സമ്മിശ്രമായ പ്രതീക്ഷകളായിരുന്നു. ദിമിത്രിയോസിനു പകരക്കാരനായി മികച്ചൊരു സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ പലതും പരാജയപ്പെട്ടത് വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിലാണ് സ്‌പാനിഷ് സ്‌ട്രൈക്കർ ജീസസ് ജിമിനസിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. അപ്പോഴും ആരാധകർക്ക് പ്രതീക്ഷ കുറവായിരുന്നെങ്കിലും മത്സരങ്ങൾ ആരംഭിച്ചതോടെ ഈ സീസണിലെ മികച്ച മുന്നേറ്റനിര ബ്ലാസ്റ്റേഴ്‌സിലേതായി മാറിയിട്ടുണ്ട്.
നോഹ സദോയി, ജീസസ് ജിമിനസ്, ക്വാമേ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിലെ പ്രധാന താരങ്ങൾ. എഫ്‌സി ഗോവയിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയ നോഹ ഡ്യൂറൻഡ് കപ്പിലും ഐഎസ്എല്ലിലുമായി 9 മത്സരങ്ങളിൽ നിന്നും 13 ഗോളുകളിലാണ് പങ്കാളിയായിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ ഫോമിലെത്തിയപ്പോഴേക്കും പരിക്കിന്റെ പിടിയിലായ ക്വാമേ പെപ്ര ഈ സീസണിൽ ഡ്യൂറൻഡ് കപ്പിലും ഐഎസ്എല്ലിലുമായി 9 കളിയിൽ നിന്നും 10 ഗോളുകളിൽ പങ്കാളിയായി. അതേസമയം ജീസസിന് അഞ്ച് ഐഎസ്എൽ മത്സരങ്ങളിൽ നിന്നും 4 ഗോൾ പങ്കാളിത്തമാണുള്ളത്.
മുന്നേറ്റനിര താരങ്ങളുടെ ഈ ഫോം പരിശീലകനും ആരാധകർക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണ്. ഏതു സമയത്തും ഈ താരങ്ങളിൽ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കാൻ കഴിയും. മത്സരങ്ങൾ അനുസരിച്ച് താരങ്ങളെ മാറ്റി കളിപ്പിക്കാമെന്നതും ടീമിന് ഗുണം ചെയ്യുന്ന കാര്യമാണ്.