ഇവാന്റെ ആ ഗുണം കേരള ബ്ലാസ്റ്റേഴ്‌സിനുമുണ്ട്, പ്രധാനതാരങ്ങളെ നഷ്‌ടമായിട്ടും അവർ കുലുങ്ങിയിട്ടില്ലെന്ന് ഗോവ പരിശീലകൻ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും തമ്മിൽ ഇന്ന് പോരാടാനിറങ്ങുമ്പോൾ അത് ലീഗിലെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നതെങ്കിലും ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഗോവ പിന്നിൽ നിൽക്കുന്നത്. അതുകൊണ്ടു തന്നെ ഇന്നത്തെ മത്സരത്തിൽ തോൽവി വഴങ്ങിയാൽ ബ്ലാസ്റ്റേഴ്‌സിന് ഒന്നാം സ്ഥാനം നഷ്‌ടമാകും.

ഗോവയുടെ മൈതാനത്ത് കളിക്കാനിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ ആശങ്കകളുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ ഗോവയുടെ മൈതാനത്ത് ഒരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിട്ടുള്ളത്. ഗോവക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിന്റെ കണക്കുകളും മോശമാണെങ്കിലും ഗോവ പരിശീലകൻ പ്രതീക്ഷിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് അവർക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്നു തന്നെയാണ്.

“ഇവാനും ഞാനും നല്ല ബന്ധം പങ്കിടുന്നവരാണ്. അദ്ദേഹത്തിനു വളരെയധികം മത്സരബുദ്ധിയുണ്ട്. ആ ഗുണം തന്റെ ടീമിലും വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ ടീമിൽ പരിശീലകൻ വളരെ പ്രധാനമാണ്, അവരെ നിയന്ത്രിക്കാനും ബോധ്യപ്പെടുത്താനുമുള്ള കഴിവുണ്ട്. ഐ‌എസ്‌എല്ലിലെ മികച്ച മൂന്ന് കളിക്കാരിൽ ഒരാളായ ലൂണ അവർക്കുണ്ട്. ഇരു ടീമുകൾക്കും വിജയസാധ്യതയുള്ള മികച്ച കളിയാകും ഇത്.”

“അവർ ഞങ്ങളേക്കാൾ കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്നത് ശരി തന്നെയാണ്. പക്ഷേ അവർക്ക് പ്രധാന കളിക്കാർ ലഭ്യമല്ലാത്ത സമയങ്ങളും ഉണ്ടായിരുന്നു, എന്നിട്ടും അവർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരാൻ കഴിയുന്നു. നടക്കാൻ പോകുന്നത് ഒരു കടുപ്പമേറിയ കളിയായിരിക്കും, എന്നാൽ ഐഎസ്എല്ലിലെ ഓരോ മത്സരവും ഒരു യുദ്ധമാണ്, ഞങ്ങൾ കടുത്ത പോരാട്ടത്തിന് തയ്യാറാണ്.” മനോല മാർക്വസ് പറഞ്ഞു.

ഗോവക്കെതിരെ കളിച്ച പതിനെട്ടു മത്സരങ്ങളിൽ ആകെ നാലെണ്ണത്തിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ എങ്കിലും ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷയുണ്ട്. ടീമിന്റെ പോരാട്ടവീര്യം തന്നെയാണ് അതിനു കാരണം. അതേസമയം അപ്പുറത്തു നിൽക്കുന്ന ഗോവയും മോശമല്ല, ലീഗിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാതെയാണ് ഗോവ കുതിക്കുന്നത്.

Kerala Blasters Attitude Praised By FC Goa Coach

FC GoaIvan VukomanovicKerala BlastersManolo Marquez
Comments (0)
Add Comment