ജർമൻ ഇൻഫ്ളുവൻസറായ ഫിയാഗോ ട്വിറ്ററിലൂടെ നടത്തിയ ഫിയാഗോ ഫാൻസ് കപ്പ് ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ഫിയാഗോ ഫാൻസ് കപ്പിൽ ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്.
ട്വിറ്റർ പോളിങ്ങിൽ കൂടുതൽ വോട്ടുകൾ കിട്ടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്ന, ടൂർണമെന്റ് രൂപത്തിൽ നടക്കുന്ന ഫിയാഗോ ഫാൻസ് കപ്പിന്റെ ഫൈനൽ ഇന്നലെയാണ് ആരംഭിച്ചത്. അൽപ്പസമയം മുൻപ് പോളിംഗ് അവസാനിക്കുമ്പോൾ 127680 വോട്ടുകളാണ് ആകെ പോൾ ചെയ്യപ്പെട്ടിരിക്കുന്നത്.
Fiago Fans Cup: FINAL 🏆
Which club has the better fans? 🏟️
— 𝗙𝗜𝗔𝗚𝗢 (@fiago7) October 10, 2024
ഈ വോട്ടുകളിൽ 50.3 ശതമാനം സ്വന്തമാക്കി നേരിയ വ്യത്യാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ വിജയം സ്വന്തമാക്കിയത്. ലോകമെമ്പാടും അറിയപ്പെടുന്ന ബൊറൂസിയ ഡോർട്ട്മുണ്ട് വലിയ വെല്ലുവിളി ഉയർത്തിയെങ്കിലും അവർക്ക് 49.7 ശതമാനം വോട്ടുകളേ സ്വന്തമാക്കാൻ കഴിഞ്ഞുള്ളൂ.
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്ത് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ പോളിംഗ്. അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യൻ സൂപ്പർ ലീഗും കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബും വലിയതല്ലെങ്കിലും ആരാധകരുടെ കരുത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏതു ടീമിനോടും ഏറ്റുമുട്ടാൻ കഴിയുമെന്ന് ബ്ലാസ്റ്റേഴ്‌സ് തെളിയിച്ചു.
ഇന്റർനാഷണൽ ബ്രേക്ക് നടക്കുന്നതിനാൽ ഇപ്പോൾ ക്ലബ് ഫുട്ബോൾ മത്സരങ്ങൾക്ക് ഇടവേളയാണ്. അതുകൊണ്ടു തന്നെ ബോറടിച്ചിരിക്കുന്ന ക്ലബ് ഫുട്ബോൾ ആരാധകർക്ക് ആവേശം നൽകുന്നതായിരുന്നു മത്സരം. ഫൈനൽ അത്യധികം ആവേശകരമായി അവസാനിക്കുകയും ചെയ്‌തു.