ഐഎസ്എൽ രണ്ടാം പകുതിയിൽ ദയനീയമായ പ്രകടനമാണ് നടത്തിയതെങ്കിലും ആദ്യപകുതിയിൽ നടത്തിയ പ്രകടനം കാരണം കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ ഇടം പിടിച്ചിട്ടുണ്ട്. ഏപ്രിൽ 19നു നടക്കുന്ന പ്ലേ ഓഫ് മത്സരത്തിൽ ഒഡിഷ എഫ്സിയെ അവരുടെ മൈതാനത്ത് വെച്ചാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് കടുപ്പമേറിയ മത്സരമായിരിക്കുമത്.
പരിക്കിന്റെ തിരിച്ചടികളാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കുന്നത്. സീസൺ പകുതിയിലേക്ക് അടുത്തപ്പോൾ താരങ്ങൾ തമ്മിൽ കൃത്യമായി ഒത്തിണങ്ങി മികച്ച പ്രകടനം നടത്തിയ ടീമായിരുന്നു കൊമ്പന്മാർ. എന്നാൽ ഓരോരോ താരങ്ങളെയായി നഷ്ടപ്പെട്ടതും പുതിയതായി ടീമിലെത്തിയ താരങ്ങൾ ഇണങ്ങിച്ചേരാൻ സമയമെടുത്തതുമെല്ലാം ടീമിന്റെ മുന്നോട്ടു പോക്കിനെ ബാധിച്ചു.
ഇവിടെ എന്തൊക്കെയാടാ നടക്കുന്നെ….
Luna Dimi Fedor
Waiting for the combo in the last game against HFC#KBFC #ISL10 pic.twitter.com/JEBOizFFtP— Abin Mathew (@Tech4Taste1) April 2, 2024
എന്നാൽ പ്ലേ ഓഫ് മത്സരങ്ങൾ അടുക്കുമ്പോൾ ചില താരങ്ങൾ തിരിച്ചു വന്നത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. അതിൽ തന്നെ എൽഡിഎഫ് എന്ന് പേരിട്ടു വിളിക്കുന്ന കൂട്ടുകെട്ടിലാണ് ആരാധകരുടെ പ്രതീക്ഷ. ലൂണ-ദിമിത്രിയോസ്-ഫെഡോർ എന്നീ താരങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരം ഉപയോഗിച്ചാണ് എൽഡിഎഫ് എന്ന് ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയെ വിശേഷിപ്പിക്കുന്നത്.
അഡ്രിയാൻ ലൂണ പ്ലേഓഫിൽ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഫെഡോർ ചെർണിച്ചിനും ഫിറ്റ്നസ് പ്രശ്നങ്ങളൊന്നും നിലവിലില്ല. പ്ലേ ഓഫ് കളിക്കുമോയെന്ന കാര്യത്തിൽ തീർച്ചയില്ലാത്തത് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമിത്രിയോസിന്റെ കാര്യത്തിലാണ്. പരിക്കേറ്റ താരം മത്സരത്തിന് മുൻപ് തിരിച്ചെത്തുമോയെന്ന ഉറപ്പില്ലെന്നാണ് ഇവാൻ പറഞ്ഞത്.
ലൂണ ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇറങ്ങുന്നത് എന്നത് മാത്രമാണ് ആരാധകരുടെ ആശങ്ക. ടീമുമായി ഇണങ്ങിച്ചേരുന്ന ഫെഡോർ കഴിവുള്ള താരമാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ദിമിത്രിയോസ് കൂടി ചേർന്നാൽ ബ്ലാസ്റ്റേഴ്സിന് മുന്നേറാൻ കഴിയും. എന്നാൽ ഈ മൂന്നു താരങ്ങളെയും ഇവാൻ ഒരുമിച്ച് ഇറക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്.
Kerala Blasters Can Use Luna Dimi Fedor Combo