ബെംഗളൂരുവിനെതിരായ ഐഎസ്എൽ പത്താം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ഇരുപതുകാരനായ മൊഹമ്മദ് അയ്മനെ കളത്തിലിറക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. പ്രീ സീസൺ മത്സരങ്ങളിൽ മികവ് കാണിച്ച താരത്തിൽ വിശ്വാസമർപ്പിക്കാൻ പരിശീലകൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് അയ്മന് ഐഎസ്എൽ അരങ്ങേറ്റം നടത്താനുള്ള അവസരമൊരുങ്ങിയത്. തനിക്ക് ലഭിച്ച അവസരം ഭംഗിയായി ഉപയോഗിച്ച താരം തിളക്കമാർന്ന പ്രകടനം നടത്തുകയും ചെയ്തു.
ഇവാൻ വുകോമനോവിച്ചിന് വിലക്കായതിനാൽ മത്സരത്തിന്റെ ഡഗ് ഔട്ടിൽ ഉണ്ടായിരുന്നത് സഹപരിശീലകനായ ഫ്രാങ്ക് ഡോവനായിരുന്നു. മത്സരത്തിന് ശേഷം അദ്ദേഹം പ്രത്യേകം പേരെടുത്തു പറഞ്ഞ താരങ്ങളിൽ അയ്മനും ഉൾപ്പെടുന്നു. വെറും ഇരുപതു വയസ് മാത്രം പ്രായമുള്ള താരം തന്റെ ഐഎസ്എൽ അരങ്ങേറ്റത്തിൽ തന്നെ ഇത്രയും മികച്ച പ്രകടനം നടത്തിയെങ്കിലും ഭാവിയിൽ ഇതിനേക്കാൾ മികവ് പുലർത്താൻ കഴിയുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
Mohammed Aimen ⚔️🇮🇳 #KBFC pic.twitter.com/U8l5yKcWJz
— KBFC XTRA (@kbfcxtra) September 22, 2023
“കഴിഞ്ഞ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനൊപ്പം അയ്മൻ പരിശീലനം നടത്തുന്നുണ്ട്. അന്ന് മുതൽ താരം മികച്ച പ്രകടനവും നടത്തുന്നുണ്ട്. ബെംഗളൂരുവിനെതിരായ മത്സരത്തിലും തന്റെ കഴിവുകൾ തെളിയിക്കുന്ന പ്രകടനം താരത്തിന്റെ ഭാഗത്തു നിന്നുമുണ്ടായി. എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു വിങ്ങർ ആണ് അയ്മൻ. വൈഡ് ഏരിയകളിൽ നന്നായി കളിക്കാൻ കഴിയുന്ന താരം വൺ ഓൺ വൺ സാഹചര്യത്തിലും നല്ല രീതിയിൽ മികവ് പുലർത്തുന്നു.” പരിശീലകൻ പറഞ്ഞു.
Aimen with those 🔥 turns 😵💫 #KBFC #KeralaBlasters #HalaBlasters2023 pic.twitter.com/Tm7lNRMlev
— Kerala Blasters FC (@KeralaBlasters) September 17, 2023
മത്സരത്തിൽ എഴുപത്തിയൊമ്പത് മിനുട്ട് നേരമാണ് അയ്മൻ കളിച്ചത്. സഹലിന്റെ പിൻഗാമിയായി പലരും വാഴ്ത്തുന്ന താരം പ്രതിരോധത്തിൽ സഹലിനേക്കാൾ മികവ് കാണിക്കുന്നു. ബെംഗളൂരു താരം റയാൻ വില്യംസിനെ പൂട്ടാൻ താരം നിർണായക പങ്കു വഹിച്ചു. കണക്കുകൾ നോക്കിയാൽ ഒരു കീ പാസ് നൽകിയ താരം ഏഴു ഗ്രൗണ്ട് ഡുവൽസ് വിജയിക്കുകയും നാല് ടാക്കിളുകൾ നടത്തുകയും ചെയ്തു. ഇത് മധ്യനിരയിൽ തന്നെ എതിരാളികളുടെ ആക്രമണം തടയുന്നതിൽ നിർണായകമായി.
ആദ്യത്തെ മത്സരത്തിൽ രണ്ടു ടീമുകളും കരുതലോടെയാണ് കളിച്ചതെന്നതിനാൽ ആക്രമണങ്ങൾ കുറവായിരുന്നു. അതുകൊണ്ടു തന്നെ ആ മേഖലയിൽ തന്റെ കഴിവ് പൂർണമായും പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. വരും മത്സരങ്ങളിൽ കൂടുതൽ മികച്ച പ്രകടനം താരത്തിൽ നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. താരത്തെ തേച്ചു മിനുക്കിയെടുക്കാൻ ഇവാന് കഴിയുമെന്നുറപ്പായതിനാൽ ഒരു സൂപ്പർസ്റ്റാർ ബ്ലാസ്റ്റേഴ്സിൽ പിറവിയെടുക്കാനുള്ള സാധ്യത കൂടുതലാണ്.
Kerala Blasters Assistant Coach Praise Aimen