കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ച് ഇന്ന് പുറത്തു വന്ന നിരാശപ്പെടുത്തുന്ന വാർത്തയായിരുന്നു പുതിയ വിദേശതാരമായ ജോഷുവ സോട്ടിരിയോയുടെ പരിക്ക് കുറച്ചു ഗുരുതരമാണെന്നത്. പുതിയ സീസണു വേണ്ടി ഓസ്ട്രേലിയൻ ലീഗിൽ നിന്നും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരത്തിന് പ്രീ സീസൺ പരിശീലനത്തിനിടെയാണ് പരിക്ക് പറ്റിയത്. തുടർന്ന് മറ്റുള്ളവരുടെ കൂടി സഹായത്തിലാണ് ഓസ്ട്രേലിയൻ താരത്തെ പരിശോധനകൾക്കായി കൊണ്ടു പോയത്.
ഇപ്പോൾ താരത്തിന് പരിക്ക് കാരണം എത്ര നാൾ പുറത്തിരിക്കേണ്ടി വരുമെന്ന കാര്യം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചിട്ടുണ്ട്. താരത്തിന് മാസങ്ങളോളം പരിക്ക് കാരണം നഷ്ടമാകുമെന്നും എന്നാണു കളിക്കളത്തിലേക്ക് മടങ്ങി വരാൻ കഴിയുമെന്നത് കൃത്യമായി പറയാൻ കഴിയില്ലെന്നുമാണ് ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുള്ളത്. 2024 വരെ താരം കളിക്കളത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യതയില്ലെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു.
🚨 Injury Update: Jaushua Sotirio 🚨#KBFC #KeralaBlasters pic.twitter.com/1Mnae4FAud
— Kerala Blasters FC (@KeralaBlasters) July 19, 2023
ടീമിലെത്തി തുടക്കത്തിൽ തന്നെ പരിക്കേറ്റു പുറത്തു പോയെങ്കിലും താരത്തിന് ഏറ്റവും മികച്ച ചികിത്സ നൽകി കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് ഉറപ്പാക്കുമെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും ക്ലബ്ബിനെ പിന്തുണക്കുന്നവരും താരത്തിന് ഏറ്റവും മികച്ച രീതിയിൽ പിന്തുണ നൽകുമെന്ന പ്രതീക്ഷയുണ്ടെന്നും ക്ലബ് അറിയിച്ചു. തുടക്കത്തിൽ തന്നെ പരിക്കേറ്റ താരത്തിന് പകരക്കാരനെ ക്ലബ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചും ആരാധകരെ സംബന്ധിച്ചും വലിയ നിരാശയാണ് സോട്ടിരിയോയുടെ പരിക്ക് നൽകിയിരിക്കുന്നത്. നിരവധി താരങ്ങൾ കൊഴിഞ്ഞു പോയ ടീമിൽ ആരാധകർക്ക് പ്രതീക്ഷ ഉണ്ടായിരുന്ന താരമായിരുന്നു സോട്ടിരിയോ. താരത്തിന് പരിക്കും പറ്റിയതോടെ ഇനി ടീമിന് ചേരുന്ന ഒരു പകരക്കാരനെ കണ്ടെത്താൻ കഴിയുമോയെന്ന ആശങ്കയും ആരാധകർക്കുണ്ട്.
Kerala Blasters Confirm Sotirio Out Until 2024