ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരുപത്തിയൊന്ന് വയസിനു താഴെയുള്ള താരങ്ങളെ ഏറ്റവുമധികം ഉപയോഗിച്ച ടീമുകളുടെ ലിസ്റ്റ് പുറത്തു വിട്ടപ്പോൾ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് കേരള ബ്ലാസ്റ്റേഴ്സാണ്. ഇരുപത്തിയൊന്ന് വയസിൽ താഴെയുള്ള നാല് യുവതാരങ്ങളെ മുപ്പത്തിയേഴു തവണ ഈ സീസണിൽ ഉപയോഗിച്ച ബ്ലാസ്റ്റേഴ്സ് 1894 മിനുട്ടുകൾ അവർക്ക് നൽകിയാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.
വിബിൻ മോഹനൻ, മൊഹമ്മദ് അയ്മൻ, മൊഹമ്മദ് അസ്ഹർ, ഫ്രഡി ലല്ലാമാവ്മ എന്നീ അണ്ടർ 21 താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ ഫ്രഡി ഒഴികെയുള്ള താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ അക്കാദമിയിൽ നിന്നും വന്നവരാണ്. അതിനു പുറമെ അഭിമാനം നൽകുന്ന മറ്റൊരു കാര്യം യുവതാരങ്ങളെ ആശ്രയിക്കുമ്പോഴും ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തുന്നു എന്നതാണ്.
How to build a sustainable club foundation and be prepared for the future, through this #KBFC might feel the start of a golden generation of local players, stepping to take the club to the next level. https://t.co/nSiY7o2qlX
— Kim S. Kristensen (@kimskris) February 5, 2024
ഐഎസ്എൽ പോയിന്റ് പട്ടികയിൽ നിലവിലെ ആദ്യത്തെ ആറു സ്ഥാനങ്ങളിലുള്ള ടീമുകളെ എടുത്തു നോക്കിയാൽ അതിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകിയ രണ്ടു ക്ലബുകൾ മാത്രമാണുള്ളത്. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സും ആറാമതുള്ള ജംഷഡ്പൂരും. അണ്ടർ 21 താരങ്ങൾക്ക് അവസരം നൽകിയ ലിസ്റ്റിൽ ബ്ലാസ്റ്റേഴ്സ് ഒന്നാമതും ജംഷഡ്പൂർ മൂന്നാമതുമാണ്.
അതേസമയം ബാക്കി നാല് ടീമുകളെ പരിശോധിക്കുകയാണെങ്കിൽ ഒന്നാം സ്ഥാനത്തുള്ള ഒഡിഷ യുവതാരങ്ങൾക്ക് ഏറ്റവും കുറവ് അവസരം നൽകിയ ടീമാണ്. എഫ്സി ഗോവ ഇക്കാര്യത്തിൽ പത്താം സ്ഥാനത്ത് നിൽക്കുന്നു. പന്ത്രണ്ട് ടീമുകളുടെ ലിസ്റ്റിൽ മോഹൻ ബഗാൻ, മുംബൈ സിറ്റി എന്നിവർ എട്ടും ഒൻപതും സ്ഥാനങ്ങളിലാണ് നിൽക്കുന്നത്.
ലീഗിൽ മുന്നിൽ നിൽക്കുന്ന ടീമുകളിൽ ഭൂരിഭാഗവും യുവതാരങ്ങളെ തഴയുമ്പോഴാണ് അവർക്ക് കൂടുതൽ അവസരം നൽകി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. ക്ലബിന്റെ പോക്ക് ശരിയായ ദിശയിലാണെന്നും മികച്ച താരങ്ങൾ അക്കാദമിയുടെ ഉയർന്നു വരുന്നുണ്ടെന്നും ഇതിൽ നിന്നും വ്യക്തമാണ്. ഇത്തരത്തിൽ യുവതാരങ്ങളെ വാർത്തെടുക്കുന്നതിലൂടെ ഇന്ത്യൻ ഫുട്ബോളിനും വലിയ സംഭാവന ബ്ലാസ്റ്റേഴ്സ് നൽകുന്നു.
ബ്ലാസ്റ്റേഴ്സ് നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് പല പ്രധാന താരങ്ങളും പരിക്കേറ്റു പുറത്തു പോയ സാഹചര്യത്തിൽ ആണെന്നതു കൂടി വിസ്മരിക്കാൻ കഴിയില്ല. ഇപ്പോൾ ഇരുപതുകാരനായ മറ്റൊരു താരം കൂടി ബ്ലാസ്റ്റേഴ്സിലുണ്ട്. നൈജീരിയൻ താരമായ ഇമ്മാനുവൽ ജസ്റ്റിനാണ് സീസണിന്റെ രണ്ടാം പകുതിയിൽ ടീമിനെ സഹായിക്കാൻ എത്തിയിട്ടുള്ളത്.
Kerala Blasters Developing Young Players