ഫുട്ബോൾ മൈതാനത്ത് തങ്ങളുടെ ടീമിന് പിന്തുണ നൽകാനും എതിരാളികളുടെ മനോവീര്യം തകർക്കാനും വേണ്ടിയാണ് ആരാധകർ എത്താറുള്ളത്. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ആരാധകരുള്ള ബ്ലാസ്റ്റേഴ്‌സ് ഇത് വളരെ കൃത്യമായി നടപ്പിലാക്കുന്ന ടീമുകളിൽ ഒന്നാണ്. ഈ സീസണിൽ ഹോം മത്സരങ്ങളിൽ ഇതിന്റെ ആനുകൂല്യം അവർ കൃത്യമായി മുതലെടുക്കുകയും ചെയ്‌തിരുന്നു. ഏഴു ഹോം മത്സരങ്ങളിലാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ അതിരുവിട്ടു പെരുമാറിയ സംഭവമാണ് കഴിഞ്ഞ ദിവസം ബെംഗളൂരു എഫ്‌സിയുമായുള്ള മത്സരത്തിനിടെ ഉണ്ടായത്. മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കൂട്ടമായി ഇരുന്നിരുന്ന ഗ്യാലറിയിൽ വെച്ച് ബെംഗളൂരുവിന്റെ ഏതാനും ആരാധകരെ വളഞ്ഞിട്ടു തല്ലുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്നുണ്ട്. രണ്ടോ മൂന്നോ ബെംഗളൂരു ആരാധകരെയാണ് നൂറോളം വരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആക്രമിക്കുന്നത്.
ദൃശ്യത്തിൽ ഒരു ബെംഗളൂരു ആരാധകനും ബ്ലാസ്റ്റേഴ്‌സ് ആരാധകരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതായി ആദ്യം കാണാം. അതിനു പിന്നാലെ ഈ ആരാധകനെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കൂട്ടമായി തല്ലുകയായിരുന്നു. അവൻ ഓടി രക്ഷപ്പെട്ടപ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ടു പേരെയും ബ്ലാസ്റ്റേഴ്‌സ് ആരാധകർ തല്ലുന്നുണ്ട്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഇവർക്കെതിരെ നടപടി എടുക്കണെമെന്ന ആവശ്യം ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഉയർത്തുന്നുണ്ട്.
Kalesh B/w Kerala Blasters Fan and Bengaluru fc fans In Bangalorepic.twitter.com/y5QKONrWPL
— Ghar Ke Kalesh (@gharkekalesh) February 12, 2023
ഇന്നലെ ബെംഗളൂരുവിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് തോൽവി വഴങ്ങിയിരുന്നു. തുടർച്ചയായ ആറാം മത്സരത്തിലാണ് ബെംഗളൂരു വിജയം സ്വന്തമാക്കുന്നത്. മത്സരം തോറ്റെങ്കിലും ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. മത്സരത്തിൽ തോൽവി നേരിട്ടതിന്റെ രോഷമായിരിക്കാം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രകടിപ്പിച്ചതെങ്കിലും ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത പ്രവൃത്തിയാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന കാര്യത്തിൽ സംശയമില്ല.