ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വീര്യം തകർക്കാൻ മുംബൈയുടെ കുടിലതന്ത്രങ്ങൾ, സ്റ്റേഡിയത്തിലേക്ക് ബാനറും കൊടികളും അനുവദിക്കുന്നില്ല | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ആദ്യത്തെ എവേ മത്സരത്തിനായി ഇറങ്ങാൻ പോവുകയാണ്. ആദ്യത്തെ രണ്ടു മത്സരങ്ങളും സ്വന്തം മൈതാനത്ത് വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് അല്പസമയത്തിനു ശേഷം നടക്കാനിരിക്കുന്ന മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തരായ ടീമുകളിൽ ഒന്നായ മുംബൈ സിറ്റി എഫ്‌സിയെ നേരിടും. ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ് ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്.

ആദ്യത്തെ രണ്ടു മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മൈതാനമായ കൊച്ചിയിൽ വെച്ചാണ് നടന്നത്. സ്വന്തം മൈതാനത്ത് ആരാധകരുടെ പിന്തുണയിൽ മത്സരം നടന്നത് ബ്ലാസ്റ്റേഴ്‌സ് വിജയം നേടുന്നതിൽ നിർണായകമായ പങ്കു വഹിച്ചിരുന്നു. മുംബൈ സിറ്റിയുടെ മൈതാനത്ത് മത്സരം നടക്കുമ്പോൾ ഈ ആരാധക പിന്തുണ ഉണ്ടാകില്ലെന്നത് ചെറിയൊരു ആശങ്കയാണ്. എങ്കിലും മുംബൈയുടെ മൈതാനത്ത് തങ്ങളുടെ ടീമിനെ പിന്തുണക്കാൻ വലിയ തോതിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ എത്തുന്നുണ്ട്.

എതിരാളികളുടെ മൈതാനം ഹോം ഗ്രൗണ്ട് പോലെയാക്കിയ ചരിത്രം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്. മുംബൈ സിറ്റിയുടെ മൈതാനത്തേക്ക് നിരവധി ആരാധകർ ഒഴുകിയെത്തുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അപ്രമാദിത്വം ഉണ്ടാകുമോ എന്ന ഭയം മുംബൈ സിറ്റിയുടെ ആരാധകരെ ബാധിച്ചിട്ടുണ്ടെന്നാണ് കരുതേണ്ടത്. മത്സരം കാണാനെത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വീര്യം തകർക്കാനുള്ള പ്രവർത്തികൾ അവർ നടത്തുന്നുണ്ട്.

അവിടെയെത്തിയ ആരാധകർ പറയുന്നത് പ്രകാരം മുംബൈ സിറ്റിയുടെ സ്റ്റേഡിയത്തിന്റെ ഉള്ളിലേക്ക് ബ്ലാസ്റ്റേഴ്‌സിന്റെ കൊടികളോ ബാനറുകളോ പ്രവേശിപ്പിക്കാൻ ആരാധകർക്ക് അനുവാദം നൽകുന്നില്ല. അതിനു പുറമെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സ്റ്റേഡിയത്തിന്റെ ഉള്ളിൽ കയറ്റാതെ അവർ പുറത്തു നിർത്തിയിരിക്കുകയാണ്. ആറരക്ക് ശേഷം മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കൂവെന്നാണ് ജീവനക്കാരുടെ നിലപാട്. കോടികൾ കയറ്റാൻ കഴിയില്ലെന്ന നിലപാടാണ് ഇക്കാര്യത്തിൽ വിചിത്രമായത്.

കൊടികളും ബാനറുകളും കയറ്റിയാൽ മുംബൈ സിറ്റിയുടെ സ്റ്റേഡിയം ബ്ലാസ്റ്റേഴ്‌സ് ആരാധകർ മഞ്ഞക്കടൽ പോലെ ആക്കുമോയെന്ന ഭയം ക്ലബുമായി ബന്ധപ്പെട്ടവർക്കുണ്ടെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. ഇല്ലെങ്കിൽ എവേ ടീമിന്റെ കൊടികളും മറ്റും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിക്കേണ്ട യാതൊരു ആവശ്യവുമില്ല. സ്വന്തം ഹോം ഗ്രൗണ്ടിലടക്കം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മറ്റു ക്ലബിന്റെ ആരാധകർ ഭയപ്പെടുന്നുണ്ടെന്ന് വ്യക്തം.

Kerala Blasters Fans Facing Difficulties In Mumbai City FC Stadium

Indian Super LeagueISLKerala BlastersKerala Blasters FansMumbai City FC
Comments (0)
Add Comment