ഇവാൻ വുകോമനോവിച്ചിന് പിന്തുണ മാത്രം നൽകുന്നതിൽ കാര്യമില്ല, കിരീടം നേടാനുള്ള കടുത്ത സമ്മർദ്ദവും ആരാധകർ നൽകണം | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ആരാധകപിന്തുണ ലഭിച്ചിട്ടുള്ള പരിശീലകനാണ് ഇവാൻ വുകോമനോവിച്ച് എന്നതിൽ യാതൊരു സംശയവുമില്ല. ആദ്യത്തെ സീസണിൽ ടീമിനെ ഫൈനലിൽ എത്തിച്ചതും അതിനു ശേഷം കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കളിച്ചതും ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാർക്കെതിരെ നടത്തിയ വിമർശനവുമെല്ലാം ആരാധകരുടെ പിന്തുണ വർധിക്കാൻ കാരണമായി.

കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ ബെംഗളൂരു എഫ്‌സി നേടിയ ഗോൾ റഫറിയുടെ തെറ്റായ തീരുമാനം ആയിരുന്നെങ്കിലും അപ്പോഴും ബ്ലാസ്റ്റേഴ്‌സിനു തിരിച്ചുവരാൻ സമയമുണ്ടായിരുന്നു. എന്നാൽ അതിനു ശ്രമിക്കാതെ കളിക്കാരെ കൂട്ടി മൈതാനം വിടുകയാണ് ഇവാൻ ചെയ്‌തത്‌. മറ്റേതൊരു ടീമിന്റെ പരിശീലകനും സ്ഥാനം നഷ്‌ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന ആ സംഭവത്തിൽ ഇവാന് ആരാധകപിന്തുണ വർധിക്കുന്നതാണ് കണ്ടത്.

എന്നാൽ ആരാധകരുടെ സജീവമായ പിന്തുണ മാത്രമല്ല ഇവാൻ വുകോമനോവിച്ച് അർഹിക്കുന്നത്. മറിച്ച്, ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു ടീമെന്ന നിലയിൽ അതിനു വേണ്ടിയുള്ള നിരന്തരമായ സമ്മർദ്ദവും പരിശീലകനു മേൽ നൽകേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ സൂപ്പർ കപ്പ് പോലെയുള്ള ടൂർണമെന്റുകളെയും ഗൗരവമായി കാണാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാകൂ.

സൂപ്പർകപ്പിനു മികച്ച ടീമിനെയാണ് അണിനിരത്തിയതെങ്കിലും ആദ്യത്തെ മത്സരത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് മികച്ചു നിന്നത്. അതിനു ശേഷമുള്ള രണ്ടു മത്സരങ്ങളിലും ടീമിന് ആവേശം കുറവായിരുന്നു. കിരീടത്തിനായി പൊരുതാനുള്ള ആവേശം നൽകാൻ പരിശീലകനും ശ്രമിച്ചില്ല. സൂപ്പർ കപ്പിൽ നിന്നും പുറത്തു പോയാലും അത് തങ്ങളെ ബാധിക്കില്ലെന്ന മനോഭാവമാണ് പരിശീലകനുണ്ടായിരുന്നത്.

ആരാധകരെ സംബന്ധിച്ച് കിരീടം നേടാനുള്ള ഒരു അവസരം പോയതിൽ നിരാശയുണ്ട്. ഇനി മുന്നിലുള്ളത് ഐഎസ്എൽ ഷീൽഡും കിരീടവും മാത്രമാണ്. അത് സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞാൽ ഇവാനുള്ള പിന്തുണ കൂടുതൽ വർധിക്കും. എന്നാൽ അത് നേടാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തെ വീണ്ടും പിന്തുണക്കേണ്ട കാര്യമുണ്ടോ എന്ന് ആരാധകർ തന്നെ ചിന്തിച്ചു തുടങ്ങേണ്ടത് അനിവാര്യമാണ്.

Kerala Blasters Fans Have To Put Pressure On Ivan Vukomanovic

ISLIvan VukomanovicKBFCKerala Blasters
Comments (0)
Add Comment